

ബാലണ്‍ ദ ഓര്‍ പുരസ്‌കാരത്തിന് പിന്നാലെ ഫിഫ ദ ബെസ്റ്റ് പുരസ്കാരവും സ്വന്തമാക്കി ഒസ്മാൻ ഡെംബലെയും ഐറ്റാന ബോൺമാറ്റിയും.
മികച്ച പുരുഷ താരമായി പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒസ്മാൻ ഡെംബലെയെ തിരഞ്ഞെടുത്തപ്പോൾ വനിതകളിൽ ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയെയും തിരഞ്ഞെടുത്തു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ബോൺമാറ്റി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്.
ലയണൽ മെസ്സിക്കും നെയ്മറിനും എംബാപ്പെയ്ക്കും നേടിക്കൊടുക്കാൻ സാധിക്കാത്ത ചാമ്പ്യൻസ് ലീഗ് കിരീടവും പി എസ് ജി ക്ക് നേടികൊടുക്കാൻ സാധിച്ചു എന്നതാണ് ഡെംബലെയുടെ എക്സ്ട്രാ ഫാക്ടറായി മാറിയത്.
ആകെ മൊത്തം 53 മത്സരങ്ങളിൽ 35 ഗോളും 16 അസിസ്റ്റുമാണ് കഴിഞ്ഞ സീസണില്‍ പി എസ് ജി കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന. ഇതോടപ്പം ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്‌സ് അപ്പ് എന്നിവയും നേടി. പി എസ് ജി മുന്നോട്ടുവെച്ച ഹൈ പ്രെസ്സിങ് ഗെയിമിന്റെ ആണിക്കല്ലും അദ്ദേഹമായിരുന്നു.
മികച്ച കോച്ചിനുള്ള ട്രോഫി പുരുഷ ഫുട്ബാളിൽ പി എസ് ജി പരിശീലകൻ ലൂയിസ് എൻ റിക്വയും വനിതാ ഫുട്‍ബോളിൽ ഇംഗ്ലണ്ട് പരിശീലക സറീന വിഗ്‌മാനും നേടി. മികച്ച ഗോൾ കീപ്പറായി പുരുഷന്മാരിൽ പി എസ് ജി യുടെ ഡോണറുമ്മയും വനിതകളിൽ ചെൽസിയുടെ ഹന ഹാംപ്ടണും തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: The Best FIFA Football Awards: Ousmane Dembele and Aitana Bonmatí wins