ബിജെപി പ്രതിഷേധം ഫലം കണ്ടില്ല; വിദ്വേഷപ്രചാരണത്തിന് മൂക്കുകയറിടാൻ കർണാടക സർക്കാർ; ബിൽ പാസാക്കി

ബിജെപി ഉയർത്തിയ കനത്ത പ്രതിഷേധത്തിനിടെയാണ് സർക്കാർ ബിൽ പാസാക്കിയത്

ബിജെപി പ്രതിഷേധം ഫലം കണ്ടില്ല; വിദ്വേഷപ്രചാരണത്തിന് മൂക്കുകയറിടാൻ കർണാടക സർക്കാർ; ബിൽ പാസാക്കി
dot image

ബെംഗളൂരു: വിദ്വേഷപ്രചാരണത്തിന് ജയിൽ ശിക്ഷയും പിഴയും അനുശാസിക്കുന്ന പുതിയ ബിൽ പാസാക്കി കർണാടക സർക്കാർ. നിയമസഭയിൽ പ്രതിപക്ഷമായ ബിജെപി ഉയർത്തിയ കനത്ത പ്രതിഷേധത്തിനിടെയാണ് കർണാടക ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് (പ്രിവൻഷൻ) ബിൽ 2025 സിദ്ധരാമയ്യ സർക്കാർ പാസാക്കിയത്. വിദ്വേഷപ്രചാരണത്തിന് ഏഴ് വർഷം വരെ തടവും പിഴയും അനുശാസിക്കുന്നതാണ് ബിൽ.

നേരത്തെ ഡിസംബർ നാലിന് മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഡിസംബർ 10നാണ് ബിൽ സഭയിൽ വെച്ചത്. വിദ്വേഷപ്രചാരണത്തിന് ഒന്ന് മുതൽ ഏഴ് വർഷം വരെ തടവും 50,000 രൂപ പിഴയും അനുശാസിക്കുന്നതാണ് ബിൽ. കുറ്റം ആവർത്തിച്ചാൽ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപയുമാണ് പിഴ. വലിയ പ്രതിഷേധമാണ് ബിജെപി അംഗങ്ങൾ ബില്ലിനെതിരെ ഉയർത്തിയത്. ബിൽ കീറിയെറിയുകയും അവതരണം തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ബിൽ സർക്കാർ പാസാക്കുകയായിരുന്നു.

വിദ്വേഷപ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്ത വിവിധ പത്രകട്ടിങ്ങുകൾ എടുത്തുകാട്ടിയാണ് ആഭ്യന്തരമന്ത്രി ജി പരമേശ്വര ബിൽ അവതരിപ്പിച്ചത്. പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി വിദ്വേഷപ്രചാരണത്തിന് കൃത്യമായ നിർവചനം ആവശ്യമാണെന്ന് ജി പരമേശ്വര പറഞ്ഞു. നേരത്തെ പത്ത് വർഷമായിരുന്നു തടവ് ശിക്ഷ. പിന്നീട് ഇത് കുറച്ച് ഏഴാക്കുകയായിരുന്നു.

കർണാടകയുടെ തീരദേശമേഖലയിലെ ക്രമസമാധാനവും ചർച്ചയിൽ ഉയർന്നുവന്നു. തീരദേശ മേഖല വിദ്വേഷപ്രചാരണം മൂലം കത്തുകയാണെന്നും വശംകെട്ടിരിക്കുകയാണെന്നും നഗരവികസന കാര്യ മന്ത്രി ഭൈരാത്തി സുരേഷ് പറഞ്ഞു. ബില്ലിനെ പ്രതിപക്ഷ സ്വരത്തെ അമർച്ച ചെയ്യാനുള്ള ഒരു ഉപകരണമെന്നാണ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി വിമർശിച്ചത്. എന്നാൽ വിദ്വേഷപ്രചാരണം തടയുക എന്നത് ഈ സർക്കാരിന്റെ അജണ്ടയാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുക എന്നത് അത്യാവശ്യമാണെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.

Content Highlights: karnataka passes bill to curb hate speech amid bjp opposition

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us