ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും ടീമിനെയും പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മണ്‍

സിംബാബ് വേയ്‌ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പര നേടിയതിന് ശേഷമാണ് ലക്ഷ്മണ്‍ ക്യാപ്റ്റനെയും ശ്രേയസ്സിനെയും അഭിനന്ദിച്ചത്

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും ടീമിനെയും പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മണ്‍
dot image

തിരിച്ചടികള്‍ക്ക് ശേഷം സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യയെ ട്വന്റി-20 പരമ്പര വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും ടീമിനെയും വാനോളം പുകഴ്ത്തി ഇടക്കാല പരിശീലകന്‍ വി.വി.എസ് ലക്ഷ്മണ്‍. ടീം കാഴ്ചവെച്ച കൂട്ടായ പരിശ്രമത്തെയും 'വിജയികളുടെ മനോഭാവത്തെയും' അദ്ദേഹം പ്രശംസിച്ചു. ഞായറാഴ്ച ഹരാരെയില്‍ നടന്ന അവസാന ട്വന്റി-20യില്‍ 35 റണ്‍സിന്റെ വിജയം നേടിയതോടെ സിംബാബ്വെയ്ക്കെതിരായ പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരിയിരുന്നു.

യുകെ പര്യടനത്തില്‍ അയര്‍ലന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പരകള്‍ തോറ്റതിന് പിന്നാലെയാണ് ശ്രേയസ് അയ്യര്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ ട്വന്റി-20 മത്സര ജയവും പരമ്പര വിജയവും സിംബാബ്വെയില്‍ സ്വന്തമാക്കുന്നത്. ബി.സി.സി.ഐപുറത്തുവിട്ട വീഡിയോയിലാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസമായ ലക്ഷ്മണ്‍ ടീമിനെയും ക്യാപ്റ്റനെയും അഭിനന്ദിച്ചത്. 'മുഴുവന്‍ ടീമിനും എന്റെ വലിയ അഭിനന്ദനങ്ങള്‍. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഇറങ്ങിയത്. പ്രത്യേകിച്ചും ശ്രേയസിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്യാപ്റ്റന്‍സി കരിയറിന്റെ തുടക്കം തിരിച്ചടികളോടെയായിരുന്നെങ്കിലും അദ്ദേഹം തിരിച്ചുവന്ന രീതി പ്രശംസനീയമാണ്. ആദ്യ മത്സരത്തിന് തലേന്ന് ടീമിനൊപ്പം ചേര്‍ന്ന ദിവസം മുതല്‍ വളരെ പ്രതീക്ഷയോടെയാണ് അദ്ദേഹം ഈ പുതിയ കളിക്കാരുടെ ഗ്രൂപ്പിനെ നയിച്ചത്. ഈ വിജയത്തിന്റെ വലിയൊരു ക്രെഡിറ്റ് ക്യാപ്റ്റന് അര്‍ഹിച്ചതാണ്.' -ലക്ഷ്മണ്‍ പറഞ്ഞു.


ആദ്യ യോഗത്തില്‍ തന്നെ ടീമില്‍ ഒരു 'വിജയിയുടെ മനോഭാവം' വളര്‍ത്തിയെടുക്കാന്‍ ചര്‍ച്ച ചെയ്തിരുന്നതായും, മൂന്ന് മത്സരങ്ങളിലും കളിക്കാര്‍ അത് പൂര്‍ണ്ണമായും പ്രകടിപ്പിച്ചതായും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു. ഫീല്‍ഡിങ്ങില്‍ ചില ക്യാച്ചുകള്‍ കൈവിട്ടതൊഴിച്ചാല്‍ ടീമിന്റെ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പ്രതികരിച്ചു. ടീമിന് നിരന്തരം പ്രചോദനം നല്‍കിയതിന് വി.വി.എസ് ലക്ഷ്മണിന് അദ്ദേഹം നന്ദിയും അറിയിച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും (49 പന്തില്‍ 81) റിങ്കു സിംഗിന്റെ (14 പന്തില്‍ 25) പ്രകടനത്തിന്റെയും കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി മയങ്ക് യാദവ് മൂന്നും യാഷ് ഠാക്കൂര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

content highlights: VVS Laxman Hails Captain Shreyas Iyer and Team India

dot image
To advertise here,contact us
dot image