പാര്‍ലമെന്റില്‍ ധര്‍മേന്ദ്ര പ്രധാന് ബിജെപി എംപിമാരുടെ വന്‍ സ്വീകരണം; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ബില്‍ക്കിസ് ബാനോ കേസിലെ പ്രതികള്‍ക്കും അവര്‍ ഇതേ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയതെന്നായിരുന്നു രാജ്യസഭ എംപി രേണുക ചൗധരിയുടെ വിമർശനം

പാര്‍ലമെന്റില്‍ ധര്‍മേന്ദ്ര പ്രധാന് ബിജെപി എംപിമാരുടെ വന്‍ സ്വീകരണം; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
dot image

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ വന്‍ സ്വീകരണം. ബിജെപി എംപിമാരും എന്‍ഡിഎയിലെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. 'ധര്‍മേന്ദ്ര പ്രധാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സ്വീകരണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

യാതൊരു കൂസലുമില്ലാതെയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍ കാറില്‍ പാര്‍ലമെന്റില്‍ വന്നിറങ്ങിയത്. ചിരിച്ചുകൊണ്ടായിരുന്നു രംഗപ്രവേശനം. ബിജെപി എംപിമാര്‍ ധര്‍മേന്ദ്ര പ്രധാനെ വളഞ്ഞു. പിന്നാലെ എംപിമാരില്‍ ഒരാള്‍ പരമ്പരാഗത രീതിയിലുള്ള തൊപ്പി ധര്‍മേന്ദ്ര പ്രധാനെ ധരിപ്പിച്ചു. ഇതിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ മാധ്യമങ്ങള്‍ക്ക് നേരെ കൂപ്പുകൈകളോടെ ചിരിച്ചുനിന്നു. തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു.

ധര്‍മേന്ദ്ര പ്രധാന് സ്വീകരണമൊരുക്കിയ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. യുവാക്കളെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു രാജ്യസഭ എംപി ജയ്റാം രമേശ് പറഞ്ഞത്.

ബില്‍ക്കിസ് ബാനോ കേസിലെ പ്രതികള്‍ക്കും അവര്‍ ഇതേ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയതെന്നായിരുന്നു രാജ്യസഭ എംപി രേണുക ചൗധരിയുടെ വിമർശനം. ബിജെപിയെ സംബന്ധിച്ചിടത്തോളം അവർക്ക് ഇത് ശീലമായ കാര്യമാണെന്നും രേണുക ചൗധരി കുറ്റപ്പെടുത്തി. 2022ല്‍ ബില്‍ക്കിസ് ബാനോ കേസ് പ്രതികള്‍ക്ക് വന്‍ സ്വീകരണം ഒരുക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു രേണുക ചൗധരിയുടെ വിമര്‍ശനം.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുന്നത്. അതിരൂക്ഷമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ ഗത്യന്തമില്ലാതെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചൊഴിയുകയായിരുന്നു. രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നു എന്നായിരുന്നു രാജിക്ക് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും അവരെ കുളപ്പത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.

Content Highlights- Union Minister Dharmendra Pradhan received a large welcome from BJP MPs at Parliament. The event drew criticism from the Congress, which raised objections over the reception and political messaging

dot image
To advertise here,contact us
dot image