

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലും എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ ടി ജി മോഹന്‍ദാസിന് എതിരെ ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗ്രസും എസ്എഫ്‌ഐയും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും വനിതാ സാഹിതിയും പരാതി നല്‍കി. ടി ജി മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്നാണ് വനിതാ സാഹിതിയുടെ ആവശ്യം.
പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. 'പത്രിക' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിൻ്റെ പരാമര്‍ശം. 'ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും, കുറേ പേര്‍ മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും' എന്നാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്.
ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറഞ്ഞു. ഗുജറാത്ത് കലാപം ഓര്‍ത്ത് നോക്കണം. ഗുജറാത്തിലെ പതിനാല് ജില്ലകളിലായിരുന്നു അന്ന് കലാപം. ഡല്‍ഹിയിലെ പോലെ ഒന്നര സ്‌ക്വയര്‍ കിലോമീറ്ററിലെ ബഹളമായിരുന്നില്ല. അന്ന് ഒരു അഡ്മിനിസ്‌ട്രേറ്റീവ് പരിചയവുമില്ലാത്ത നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയായിരുന്നു അത് ഹാന്‍ഡില്‍ ചെയ്തത്. അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് പോലും മോദിയെ കയ്യൊഴിഞ്ഞു. മോദി ഒറ്റപ്പെട്ടു. എല്ലാം സഹിച്ച് മോദി ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. ഗുജറാത്ത് പോലെ ഒരുപാട് കലാപങ്ങളും ബോംബേറുകളും കണ്ടയാളാണ് മോദിയെന്നും ടി ജി മോഹന്‍ദാസ് വീഡിയോയിൽ പറയുന്നുണ്ട്.
പ്രതിഷേധത്തിനെത്തിയവര്‍ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവര്‍ അഴിഞ്ഞാടുകയാണ് എന്നും ഇയാള്‍ യൂട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്. 'ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുളളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെണ്‍കുട്ടികളുമുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുളളയുടെ ഒരു കഥയില്‍ മലമുകളിലെ കുഞ്ഞബ്ദുല്ലേ എന്നെ വന്നു ബലാത്സംഗം ചെയ്യൂു എന്ന് പറഞ്ഞാണ് കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ മതനിരപേക്ഷ, വര്‍ഗബഹുജന ഗുണ്ട ഗുണ്ടന്‍മാരെല്ലാം ഈ പരിപാടികള്‍ ഇഷ്ടപ്പെടുന്നവരാണ്' എന്നാണ് ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപ പരാമര്‍ശം.
Content Highlights: Home Minister orders an official investigation against TG Mohandas following controversial statements made against CJP protesters, sparking political debate.