തുരുമ്പ് തിന്നുന്നത് 14 ലക്ഷം കോടി; സമ്പദ്‌വ്യവസ്ഥയ്ക്ക് അദൃശ്യ ഭീഷണി, ജിഡിപിയിൽ 1.5% വരെ ആഘാതം

സർക്കാർ, സ്വകാര്യ മേഖലകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നത്

തുരുമ്പ് തിന്നുന്നത് 14 ലക്ഷം കോടി; സമ്പദ്‌വ്യവസ്ഥയ്ക്ക് അദൃശ്യ ഭീഷണി, ജിഡിപിയിൽ 1.5% വരെ ആഘാതം
dot image

രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നവയാണ് റോഡുകളും പാലങ്ങളും വൈദ്യുത പദ്ധതികളും വ്യവസായ ആസ്തികളുമെല്ലാം. എന്നാൽ ഇവയെ പതിയെ തിന്നു തീർക്കുന്ന ഒരു അദൃശ്യ ശത്രുവുണ്ട്, തുരുമ്പ്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ വെല്ലുവിളിയായി മാറുന്ന തുരുമ്പ് ഇന്ത്യയ്ക്ക് പ്രതിവർഷം കോടികളുടെ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്.

തുരുമ്പ് മൂലം ഇന്ത്യയ്ക്ക് പ്രതിവർഷം ഏകദേശം 14 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നുണ്ടെന്നും, മികച്ച തുരുമ്പ് പ്രതിരോധ സംവിധാനങ്ങൾ നടപ്പാക്കിയാൽ രാജ്യത്തിന്റെ ജിഡിപിയിൽ 1.5 ശതമാനം വരെ വർധനയ്ക്ക് സാധ്യതയുണ്ടെന്നും നോമുറ റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിപ്പോർട്ട് പ്രകാരം, തുരുമ്പ് മൂലമുള്ള നഷ്ടം ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 4.3 ശതമാനം വരും. പാലങ്ങൾ, ദേശീയപാതകൾ, റെയിൽവേ പാതകൾ, തുറമുഖങ്ങൾ, വൈദ്യുതി നിലയങ്ങൾ, വ്യവസായ യൂണിറ്റുകൾ തുടങ്ങിയ നിർണായക ആസ്തികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

തുരുമ്പ് വെറും കെട്ടിടങ്ങളുടെയും ലോഹ ഘടനകളുടെയും കേടുപാടുകൾ മാത്രമല്ല സൃഷ്ടിക്കുന്നത്. അറ്റകുറ്റപ്പണി ചെലവ് വർധിപ്പിക്കുക, ആസ്തികളുടെ ആയുസ് കുറയ്ക്കുക, പ്രവർത്തനക്ഷമത കുറയ്ക്കുക തുടങ്ങിയ പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാകുന്നു. ഇതുമൂലം സർക്കാർ, സ്വകാര്യ മേഖലകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നത്.

തീരപ്രദേശങ്ങൾ, ഉയർന്ന ഈർപ്പം ഉള്ള പ്രദേശങ്ങൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ തുരുമ്പ് ഭീഷണി കൂടുതലാണ്. ഉപ്പിന്റെ സാന്നിധ്യം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയ ഘടകങ്ങൾ ലോഹങ്ങളുടെ നാശം വേഗത്തിലാക്കുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള കോട്ടിങ് സാങ്കേതികവിദ്യകൾ, മികച്ച പരിപാലന രീതികൾ, നിർമാണ ഘട്ടത്തിൽ തന്നെ തുരുമ്പ് പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടുത്തൽ എന്നിവയിലൂടെ ഈ നഷ്ടം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ വൻ നിക്ഷേപം നടത്തുന്ന സാഹചര്യത്തിൽ നിർമിക്കുന്ന ആസ്തികളെ ദീർഘകാലം സംരക്ഷിക്കുന്നത് നിർണായകമാണ്. തുരുമ്പ് നിയന്ത്രണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ചെലവ് കുറയ്ക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കരുത്തേകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Content Highlights: Better corrosion protection could lift India's GDP by up to 1.5%, report says

dot image
To advertise here,contact us
dot image