ഇൻഫ്ളുവൻസ: യുഎഇയിൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ

യുഎഇയിലെ ആരോഗ്യകേന്ദ്രങ്ങളിലും ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിന്‍ ലഭ്യമാകും

ഇൻഫ്ളുവൻസ: യുഎഇയിൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ
dot image

അവധിക്കാലം കഴിഞ്ഞ് വീണ്ടും സ്‌കൂള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇൻഫ്ളുവൻസ (ഫ്ളു) വാക്‌സിന്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. സ്‌കൂള്‍ സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം ഇൻഫ്ളുവൻസ വാക്‌സിനും മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചു. കുട്ടികളെയും സമൂഹത്തെയും ഫ്ളു വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിരോധ വാക്‌സിനേഷന്‍ നിര്‍ണായകമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന സെപ്റ്റംബര്‍ മാസമാണ് ഇൻഫ്ളുവൻസ വാക്‌സിന്‍ സ്വീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാരണം വാക്‌സിന്‍ എടുത്തതിന് ശേഷം ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടാന്‍ ഏകദേശം രണ്ട് ആഴ്ച വേണ്ടിവരും എന്നും ഫാമിലി മെഡിസിനും ഒക്ക്യുപേഷണല്‍ ഹെല്‍ത്തും രംഗത്തെ കണ്‍സള്‍ട്ടന്റായ ഡോ. മന്‍സൂര്‍ അന്‍വര്‍ ഹബീബ് പറയുന്നു.

ഫ്ളു വാക്‌സിന്‍ ഒരിക്കലും മുഴുവനായും അസുഖം തടയില്ല. പക്ഷെ രോഗം ബാധിച്ചാല്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും എന്നും ഡോക്ടര്‍ പറഞ്ഞു. ഓരോ വര്‍ഷവും നല്‍കുന്ന വാക്‌സിനില്‍ വൈറസ് വകഭേദങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വാക്സിനെടുത്ത വ്യക്തിക്ക് പിന്നീട് വൈറസ് ബാധിച്ചാലും ശരീരം അതിനെ വേഗത്തില്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും, ഇത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കുന്നതില്‍ സമയക്രമവും വളരെ പ്രധാനപ്പെട്ടതാണ്. ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനുകള്‍ എത്തുന്ന സമയം, പ്രത്യേകിച്ച് സെപ്തംബര്‍ ആദ്യമോ പകുതിയോടെയോ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് ഡോ. ഹബീബ് പറയുന്നത്. ആറ് മാസം പ്രായം മുതലുള്ള എല്ലാ പ്രായക്കാര്‍ക്കും സീസണല്‍ ഫ്ളു വാക്‌സിന്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ ആദ്യം മുതല്‍തന്നെ യുഎഇയിലെ ആരോഗ്യകേന്ദ്രങ്ങളിലും ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിന്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHaP) എല്ലാ വര്‍ഷവും ഫ്‌ളു വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങി എല്ലാവരും വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നു. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ പുതിയ പഠനമനുസരിച്ച്, രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫ്‌ളു വാക്‌സിന്‍ നല്‍കുന്നത് അണുബാധയുടെ നിരക്ക് 14 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും.

Also Read:

സ്‌കൂളുകളിലും നഴ്‌സറികളിലും കുട്ടികള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ വൈറസ് പടരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇവരാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിലൂടെ സ്വന്തം കുടുംബത്തെ മാത്രമല്ല, മുഴുവന്‍ സമൂഹത്തെയും സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ഹാജറുകള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കാനും ആശുപത്രി സന്ദര്‍ശനങ്ങള്‍ കുറയ്ക്കാനാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Content Highlight: UAE health experts are urging families to get influenza vaccines before schools reopen to protect children and communities from seasonal flu

dot image
To advertise here,contact us
dot image