ദുബായില്‍ ഫോണോ പേഴ്‌സോ നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ സേവനം അവതരിപ്പിച്ച് പൊലീസ്

യുഎഇയില്‍ എവിടെ ആണെങ്കിലും നഷ്ടപ്പെട്ട സാധനങ്ങള്‍ ജോലി സ്ഥലത്തോ അല്ലെങ്കില്‍ വീടുകളിലോ കൊറിയര്‍ വഴി എത്തിക്കുന്ന സേവനമാണ് ദുബായ് പൊലീസ് അവതരിപ്പിച്ചത്

ദുബായില്‍ ഫോണോ പേഴ്‌സോ നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ സേവനം അവതരിപ്പിച്ച് പൊലീസ്
dot image

ഫോണോ പേഴ്‌സോ നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ദുബായ് പൊലീസ്. നഷ്ടപ്പെട്ട ഫോണോ പേഴ്‌സോ തിരികെ കിട്ടുന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് പൊലീസ്. യുഎഇയില്‍ എവിടെ ആണെങ്കിലും നഷ്ടപ്പെട്ട സാധനങ്ങള്‍ ജോലി സ്ഥലത്തോ അല്ലെങ്കില്‍ വീടുകളിലോ കൊറിയര്‍ വഴി എത്തിക്കുന്ന സേവനമാണ് ദുബായ് പൊലീസ് അവതരിപ്പിച്ചത്.

മറ്റാരുടെയെങ്കിലും സാധനങ്ങള്‍ കണ്ടുകിട്ടുകയാണെങ്കില്‍ അത് കൈമാറാന്‍ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വന്ന് കൈമാറേണ്ട ആവശ്യവും ഇനിയില്ല. അതിന് പകരം പൊലീസിന്റെ കോള്‍ സെന്ററായ 901ല്‍ വിവരം അറിയിച്ചാല്‍ മതിയാകും.കാണാതായ വസ്തുക്കളുടെ വിവരങ്ങളും ഇതേ നമ്പറില്‍ വിളിച്ചാണ് അറിയിക്കേണ്ടത്. എക്‌സ് പേജിലൂടെയാണ് ദുബായ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം മാത്രം 1,71,490 കാണാതായ സാധനങ്ങളാണ് ഉടമകള്‍ക്ക് ദുബായ് പൊലീസ് കണ്ടെത്തി നല്‍കിയത്. യുഎഇയില്‍ നിന്ന് തിരികെ സ്വന്തം നാടുകളിലേക്ക് പോയ ടൂറിസ്റ്റുകള്‍ക്കും ദുബായ് പൊലീസ് കണ്ടെത്തിയ വസ്തുക്കള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്. ജൂണില്‍ ഒരു ടൂറിസ്റ്റിന്റെ 3000 ദിര്‍ഹം ഷോപ്പിങ് മാളില്‍ വെച്ച് കാണാതായിരുന്നു. ടൂറിസ്റ്റ് സപ്പോര്‍ട്ട് സര്‍വീസ് വഴി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ ആ പണം കണ്ടെത്തി ടൂറിസ്റ്റിന് അയച്ച് നല്‍കുകയായിരുന്നു.

സ്വര്‍ണം, കാശ്, മൊബൈല്‍ ഫോണുകള്‍, വേണ്ടപ്പെട്ട രേഖകള്‍ തുടങ്ങിയവ അടങ്ങിയ ഒരു ടൂറിസ്റ്റിന്റെ ബാഗ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്റ്റാഫുകള്‍ക്ക് ലഭിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പിന്നാലെ യാത്രക്കാരിയെ കണ്ടുപിടിച്ച് ബാഗ് കൈമാറുകയും ചെയ്തതും ദുബായ് പൊലീസിന്റെ സേവനത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

Content Highlights: Dubai Police has launched a new service aimed at helping residents retrieve lost mobile phones and wallets

dot image
To advertise here,contact us
dot image