സഞ്ജു ടോപ് 10 ൽ നിന്നും പുറത്ത്; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് ക്ലാസൻ; ഓറഞ്ച് ക്യാപിനായി പോരാട്ടം

സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇഷാൻ കിഷനും ആദ്യ പത്തിൽ നിന്ന് പുറത്തായി.

സഞ്ജു ടോപ് 10 ൽ നിന്നും പുറത്ത്; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് ക്ലാസൻ; ഓറഞ്ച് ക്യാപിനായി പോരാട്ടം
dot image

ഐപിഎൽ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസൺ ടോപ് 10ല്‍ നിന്ന് പുറത്തായി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇഷാൻ കിഷനും ആദ്യ പത്തിൽ നിന്ന് പുറത്തായി.

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ മിന്നിയ പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗും കൂപ്പര്‍ കൊണോലിയും മുംബൈ ഓപ്പണര്‍ റിയാൻ റിക്കിള്‍ടണും ആദ്യ പത്തിലെത്തി.

മുംബൈക്കെതിരെ 32 പന്തില്‍ 57 റണ്‍സടിച്ച് തിളങ്ങിയ പ്രഭ്‌സിമ്രാന്‍ സിംഗ് 12 മത്സരങ്ങളില്‍ 439 റണ്‍സുമായാണ് ആദ്യ പത്തിലെത്തിയത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പ്രഭ്‌സിമ്രാന്‍ സിംഗ്.

പഞ്ചാബിനായി ഇന്നലെ 21 റണ്‍സെടുത്ത കൂപ്പര്‍ കൊണോലി സഞ്ജുവിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങളില്‍ 436 റണ്‍സുമായാണ് കൂപ്പര്‍ കൊണോലി ഒമ്പതാം സ്ഥാനത്തെത്തിയത്.

മുംബൈക്കായി തകര്‍ത്തടിച്ച് 23 പന്തില്‍ 48 റണ്‍സടിച്ച റിയാന്‍ റിക്കിള്‍ടൺ 10 മത്സരങ്ങളില്‍ 430 റണ്‍സുമായി പത്താം സ്ഥാനത്തെത്തി. മുംബൈയ്ക്കായി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും റിക്കിള്‍ടണാണ്.

സഞ്ജുവിനെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച റിക്കിള്‍ടണ്‍ പത്താം സ്ഥാനത്തെത്തിയതോടെ 11 മത്സരങ്ങളില്‍ 430 റണ്‍സുള്ള സഞ്ജു പതിനൊന്നാം സ്ഥാനത്താണിപ്പോള്‍.

ഇന്നത്തെ മത്സരത്തില്‍ ലക്നൗവിനെതിരെ തിളങ്ങിയാൽ സഞ്ജുവിന് വീണ്ടും ആദ്യ അഞ്ചിലെത്താൻ അവസരമുണ്ട്. പ്രഭ്‌സിമ്രാന്‍ സിംഗും കൂപ്പര്‍ കൊണോലിയും അടിച്ചു കയറിയതോടെ പിന്നിലായ മറ്റൊരു ബാറ്റര്‍ ഹൈദരാബാദിന്‍റ ഇഷാന്‍ കിഷനാണ്. 12 മത്സരങ്ങളില്‍ 420 റണ്‍സുള്ള ഇഷാന്‍ കിഷന്‍ സഞ്ജുവിന് തൊട്ടുപിന്നില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.

ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മാറ്റമില്ല. ഹെൻഡ്രിച്ച് ക്ലാസൻ (508 ), സായ് സുദർശൻ (501 ), വിരാട് കോഹ്‌ലി(484 ), അഭിഷേക് ശർമ (481 ), കെ എൽ രാഹുൽ (477 ) എന്നിവരാണ് ഓരോ സ്ഥാനങ്ങളിൽ.

content highlights: sanju samson out of ipl 2026 orange cap top 10 heinrich klaasen leads leaderboard

dot image
To advertise here,contact us
dot image