ശമ്പളം 70000; ട്രാവല്‍ കാർഡ് - 4 ലക്ഷം, പലിശ രഹിത വായ്പ, ചികിത്സ: കേരളത്തിലെ ഒരു എംഎല്‍എയ്ക്ക് ലഭിക്കുന്നത്

ശമ്പളത്തിന് പുറമെ വിപുലമായ യാത്രാ സൗകര്യങ്ങൾ, പേഴ്സണൽ സ്റ്റാഫ്, ചികിത്സാ സഹായം, പെൻഷൻ...

ശമ്പളം 70000; ട്രാവല്‍ കാർഡ് - 4 ലക്ഷം, പലിശ രഹിത വായ്പ, ചികിത്സ: കേരളത്തിലെ ഒരു എംഎല്‍എയ്ക്ക് ലഭിക്കുന്നത്
അജ്മല്‍ എം കെ
4 min read|15 May 2026, 01:58 pm
dot image

സംസ്ഥാനത്ത് പുതിയ സർക്കാർ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ആയതോടെ ഇനി സത്യപ്രതിജ്ഞയുടെ തിയതി സംബന്ധിച്ച വ്യക്തത മാത്രമാണ് വരാന്‍ ബാക്കിയുള്ളത്. പുതിയ ജനപ്രതിനിധികള്‍ വരുമ്പോള്‍ അവർക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും എത്രയെന്നും സാധാരണ ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാകും. കേരള മുഖ്യമന്ത്രിക്ക് അലവന്‍സ് അടക്കം 185000 രൂപയാണ് ശമ്പളമായി ലഭിക്കുന്നതെങ്കില്‍ മന്ത്രിക്ക് അത് 97429 രൂപയാണ്.

എംഎല്‍എമാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഒരു എംഎൽഎയുടെ ആകെ പ്രതിമാസ വരുമാനം 70000 രൂപയാണ്. ശമ്പളത്തിന് പുറമെ വിപുലമായ യാത്രാ സൗകര്യങ്ങൾ, പേഴ്സണൽ സ്റ്റാഫ്, ചികിത്സാ സഹായം, പെൻഷൻ എന്നിങ്ങനെ വലിയൊരു നിര ആനുകൂല്യങ്ങളാണ് ഒരു ജനപ്രതിനിധിക്ക് ലഭിക്കുന്നത്. കേവലം 2000 രൂപയാണ് ഒരു എംഎല്‍എയുടെ അടിസ്ഥാന ശമ്പളമെങ്കിലും വിവിധ അലവൻസുകൾ ചേരുമ്പോഴാണ് ഇത് 70,000-ൽ എത്തുന്നത്.

70000 രൂപയില്‍ ഇതിൽ നിയോജക മണ്ഡലം അലവൻസായി 25,000 രൂപയും, യാത്രാ അലവൻസായി 20,000 രൂപയും ലഭിക്കുന്നു. ടെലിഫോൺ (11,000), ഇൻഫർമേഷൻ (4,000), മറ്റ് അലവൻസുകൾ (8,000) എന്നിവയാണ് ബാക്കി തുക. കൂടാതെ സഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ പ്രതിദിനം 1,000 രൂപ വീതം ബത്തയും ലഭിക്കും.

യാത്രാ സൗകര്യങ്ങൾ

യാത്രകൾക്കായി സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്. സ്വന്തം വാഹനത്തിന് കിലോമീറ്ററിന് 10 രൂപ വീതം ഇന്ധന ബത്ത ലഭിക്കുമ്പോൾ, കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ആജീവനാന്ത സൗജന്യ യാത്ര അനുവദനീയമാണ്. ഇതിനുപുറമെ, ട്രെയിൻ യാത്രയ്ക്കും ഇന്ധനത്തിനുമായി പ്രതിവർഷം 4 ലക്ഷം രൂപയുടെ ട്രാവൽ കാർഡും ലഭിക്കുന്നു. ഇന്ത്യയിൽ എവിടെയും ഫസ്റ്റ് ക്ലാസ് എ സി സൗകര്യത്തോടെ യാത്ര ചെയ്യാൻ എംഎൽഎയ്ക്കും കുടുംബാംഗങ്ങൾക്കും ഒരു സഹായിക്കും ഇതിലൂടെ സാധിക്കും.

സ്റ്റാഫും ചികിത്സയും

എം എൽ എയെ സഹായിക്കാൻ സർക്കാർ ചെലവിൽ മൂന്ന് പേരെ നിയമിക്കാം. അണ്ടർ സെക്രട്ടറി റാങ്കിലുള്ള പ്രൈവറ്റ് സെക്രട്ടറിയും രണ്ട് സഹായികളും ഇതിൽ ഉൾപ്പെടുന്നു. ഇവരുടെ ശമ്പളം പൂർണ്ണമായും സർക്കാർ വഹിക്കുന്നു. നിയമസഭാ ഹോസ്റ്റലില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിട്ടുള്ള ഒരു അലോപ്പതി ഹെല്‍ത്ത് ക്ലിനിക്കിനു പുറമെ ആയൂര്‍വേദം, ഹോമിയോ, ഡെന്‍റല്‍ എന്നീ വിഭാഗങ്ങളുടെ ക്ലിനിക്കുകളും നിലവിലുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്ന അവസരങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 5 മണിവരെ നിയമസഭാ ഹോസ്റ്റലില്‍ അംഗീകൃത മെഡിക്കല്‍ അറ്റന്‍ഡന്‍റിന്റെ സേവനം അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭ്യമാകുന്നതാണ്.

സഭ സമ്മേളിക്കുന്ന ദിവസങ്ങളില്‍ നിയമസഭാ മന്ദിരത്തിലെ 530-ാം നമ്പര്‍ മുറിയിലും അംഗങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാണ്. കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7.30 മുതല്‍ വൈകുന്നേരം 4.30 വരെ ലബോറട്ടറി പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ സ്വീകരിക്കുന്നതും പരിശോധനയ്ക്കു ശേഷം അവയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതുമാണ്. പ്രസ്തുത ടെസ്റ്റിനുള്ള ചെലവ് അതത് അംഗം വഹിക്കേണ്ടതാണ്.

1994-ലെ കേരള നിയമസഭാംഗങ്ങള്‍ (ചികിത്സാ സൗകര്യങ്ങള്‍) ചട്ടപ്രകാരം നിയമസഭാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സംസ്ഥാനത്തെ ഗവണ്‍മെന്റ് ആശുപത്രികളില്‍ സൗജന്യമായും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഗവണ്‍മെന്റ് ചെലവിലും ചികിത്സയ്ക്ക് അര്‍ഹതയുണ്ട്. പുറമേ നിന്നും വാങ്ങുന്ന മരുന്നുകളുടെ വില തിരികെ നല്‍കുന്നതാണ്.

ചില നിബന്ധനകള്‍ക്ക് വിധേയമായി അംഗങ്ങള്‍ക്ക് സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ ചികിത്സയ്ക്കും വിദേശ ചികിത്സയ്ക്കും അര്‍ഹതയുണ്ട്.

വായ്പകളും പെൻഷനും

വാഹനം വാങ്ങുന്നതിനായി 10 ലക്ഷം രൂപ പലിശരഹിത വായ്പയായും, വീട് നിർമ്മിക്കുന്നതിനായി 20 ലക്ഷം രൂപ കുറഞ്ഞ പലിശയിലും ലഭിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് എം എൽ എ ഹോസ്റ്റലിലോ ഗസ്റ്റ് ഹൗസുകളിലോ തുച്ഛമായ വാടകയ്ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്.

സേവന കാലാവധിക്ക് ശേഷം വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷനും ആകർഷകമാണ്. അഞ്ച് വർഷം പൂർത്തിയാക്കിയാൽ 20,000 രൂപ പെൻഷൻ ലഭിക്കും. കാലാവധി കൂടുന്തോറും ഈ തുക വർദ്ധിച്ച് പരമാവധി 50,000 രൂപ വരെയാകാം. എം എൽ എയുടെ മരണശേഷം ആശ്രിതർക്കും ഇതേ പെൻഷൻ തുകയ്ക്ക് അർഹതയുണ്ട്. ചുരുക്കത്തിൽ, തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനിധിക്ക് അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്.

അതേസമയം തന്നെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ കേരളത്തിലെ എംഎല്‍എയുടെ ആനുകൂല്യങ്ങള്‍ വളരെ കുറവാണ്. തമിഴ്‌നാട്ടിലെ എംഎല്‍എമാര്‍ക്ക് പ്രതിമാസം ഏകദേശം 1.25 ലക്ഷം രൂപയാണ് ലഭിക്കുന്നത്. കര്‍ണാടകത്തില്‍ ഇത് 2.5 ലക്ഷത്തോടടുത്തും, ആന്ധ്രപ്രദേശില്‍ 1.25 ലക്ഷവും, തെലങ്കാനയില്‍ ഏകദേശം 2.75 ലക്ഷവുമാണ്. കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2024-ല്‍ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മിഷനെ നിയോഗിച്ചിരുന്നു.

Content Highlights: MLAs in Kerala receive a monthly salary of around ₹70,000 along with several benefits. These include travel facilities, interest-free loans, and medical treatment coverage. The compensation package is designed to support legislators in carrying out their official duties and includes both direct pay and additional allowances.

dot image
To advertise here,contact us
dot image