'ഇന്ത്യൻ ടി20 ടീം നായകനാകാൻ ഏറ്റവും അനുയോജ്യൻ സഞ്ജു സാംസണ്‍'; രവി ശാസ്ത്രി

നിലവിലെ ഇന്ത്യയുടെ ടി20 ടീം നായകനായ സൂര്യകുമാർ യാദവിന്റെ മോശം ഫോം തുടരുന്നതിനിടെയാണ് രവി ശാസ്ത്രിയുടെ ഈ നിരീക്ഷണം

'ഇന്ത്യൻ ടി20 ടീം നായകനാകാൻ ഏറ്റവും അനുയോജ്യൻ സഞ്ജു സാംസണ്‍'; രവി ശാസ്ത്രി
dot image

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ബാറ്റ് വീശുന്ന മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ടീമിന്‍റെ അടുത്ത നായകനാക്കണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവി ശാസ്ത്രി. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ സഞ്ജു യോഗ്യനാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഐസിസിയുടെ പ്രതിമാസ അവലോകനത്തില്‍ സഞ്ജന ഗണേശനോട് സംസാരിക്കുന്നതിനിടെയായിരുന്നു രവി ശാസ്ത്രി തന്റെ അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ ലോകകപ്പിലും ഇപ്പോൾ ഐപിഎല്ലിലും താരം നടത്തിയ പ്രകടനങ്ങൾകൊണ്ട് തന്നെ സഞ്ജു ഭാവി നായകനാണെന്ന് തെളിയിച്ചുകഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'അടുത്ത രണ്ട്, മൂന്ന് വർഷങ്ങൾ സഞ്ജു സാംസണിനെ അവന്റെ കരിയറിലെ സുവർണകാലമായിരിക്കും. ബാറ്റിംഗിലെ ആക്രമണോത്സുക ശൈലിയും നായകനെന്ന നിലയിലുള്ള പക്വതയും സഞ്ജുവിനെ ടീമിലെ അവിഭാജ്യ ഘടകമാക്കും', രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യ കിരീടം നിലനിർത്തിയ ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസുമായി സഞ്ജു 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' ആയിരുന്നെന്നും, സഞ്ജുവിന്‍റെ കഴിവിനെക്കുറിച്ച് ഇനി ആർക്കും സംശയങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടം മുതൽ ഫൈനൽ വരെ നിർണായക ഇന്നിംഗ്സുകളിൽ സഞ്ജു ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച രീതി അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

നിലവിലെ ഇന്ത്യയുടെ ടി20 ടീം നായകനായ സൂര്യകുമാർ യാദവിന്റെ മോശം ഫോം തുടരുന്നതിനിടെയാണ് രവി ശാസ്ത്രിയുടെ ഈ നിരീക്ഷണം. 2028-ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യ ഒരു പുതിയ നായകനെ തിരയുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യൻ സഞ്ജുവാണെന്നും ശാസ്ത്രി വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള സഞ്ജുവിന്‍റെ പരിചയസമ്പത്ത് ഇതിന് വലിയ മുതൽക്കൂട്ടാകുമെന്നും ശാസ്ത്രി പറഞ്ഞുവച്ചു.

Content highlight: Ravi Shastri backs Sanju Samson as next Indian t20 captain

dot image
To advertise here,contact us
dot image