

അമ്മ നേതൃത്വത്തിനെതിരായ പരാതിക്ക് കാരണം അഡ്മിനിസ്‌ട്രേഷന്‍ എന്തെന്ന് അറിയാത്തവരുടെ ഇടപെടലുകളാണെന്ന് ടിനി ടോം. അധികാര ദുര്‍വിനിയോഗം നടക്കുന്നുണ്ടെന്നും ആരാണ് കാര്യങ്ങളിലൊക്കെ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് അറിയില്ലെന്നും ടിനി ടോം പറഞ്ഞു.
'വരവ് ചിലവുകളുടെ കണക്കുകള്‍ വരുന്നില്ല. ഇടവേള ബാബു ഉണ്ടായിരുന്നപ്പോള്‍ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നില്ല. ആദ്യത്തെ ചുവടില്‍ പറ്റിയ അബദ്ധങ്ങളാണ്. ജനറല്‍ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തു. പ്രസിഡന്റിന്റെ അധികാരപരിധിക്ക് പരിമിതിയുണ്ട്. പ്രസിഡന്റ് വെറും സ്റ്റാമ്പ് മാത്രമാകുന്ന സ്ഥിതി ആയി. ബൈലോ യില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലുണ്ട്. അന്‍സിബ രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാല്‍'-ടിനി ടോം പ്രതികരിച്ചു. കൂടാതെ സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അമ്മ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന് പറഞ്ഞുവെന്നും ടിനി ടോം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഓഫീസ് മാനേജറായിരുന്ന യുവതി പൊലീസിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ ശ്വേതാ മേനോനെ വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു.
പരാതിയില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണം തനിക്കെതിരെ ഉന്നയിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെ ഓഫീസിലെ സെക്യൂരുറ്റി ജീവനക്കാരനും നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
Content Highlights: Tiny Tom responds to complaint against AMMA leadership