സ്വർണവില ഇടിയുകയാണോ? പ്രതീക്ഷകള്‍ക്ക് വിപരീതം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 14,675 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്

സ്വർണവില ഇടിയുകയാണോ? പ്രതീക്ഷകള്‍ക്ക് വിപരീതം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
അജ്മല്‍ എം കെ
3 min read|15 May 2026, 10:56 am
dot image

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന നിലയിലായിരുന്ന വിലയിൽ ഇന്ന് 1640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1640 രൂപ കുറഞ്ഞതോടെ വില 117400 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 119040 രൂപയായിരുന്നു വില. ഗ്രാമിന് 205 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 14,675 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വർണ്ണവിലയിലും ആശ്വാസകരമായ കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 168 രൂപ കുറഞ്ഞതോടെ ഇന്നത്തെ നിരക്ക് 12007 രൂപയായി. എട്ട് ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 96,056 രൂപയാണ് വില. ഇന്നലെ ഇത് 97400 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് സ്വർണ്ണവില ഇത്രയധികം താഴാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇന്നത്തെ ഈ വിലക്കുറവ്.

സ്വർണ്ണവിലയിലെ ഇത്തരം വലിയ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സമീപകാല സാമ്പത്തിക നയങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയിൽ (Import Duty) വരുത്തിയ ക്രമീകരണങ്ങൾ ആഭ്യന്തര വിപണിയിൽ വില വർധിക്കാന്‍ ഇടയാക്കി.

സ്വര്‍ണ ഇറക്കുമതിയിലും കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതിക്കാർക്ക് തീരുവയില്ലാതെ സ്വർണ്ണം ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്ന 'അഡ്വാൻസ് ഓതറൈസേഷൻ' പദ്ധതിയിലാണ് കർശന നിയന്ത്രണം കൊണ്ടുവന്നത്. ഇനി മുതൽ ഈ പദ്ധതിക്ക് കീഴിൽ ഓരോ ലൈസൻസിനും പരമാവധി 100 കിലോഗ്രാം സ്വർണ്ണം മാത്രമേ ഇറക്കുമതി ചെയ്യാനാകൂ എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) അറിയിച്ചു.

കയറ്റുമതി ലക്ഷ്യമിട്ടുള്ള ആഭരണ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത സ്വർണ്ണം, പാക്കേജിങ് സാമഗ്രികൾ, ഇന്ധനം തുടങ്ങിയവ നികുതിയില്ലാതെ കൊണ്ടുവരാൻ അനുവദിക്കുന്ന പദ്ധതിയാണിത്. മുൻപ് ഈ പദ്ധതിയിൽ ഇറക്കുമതിക്ക് പ്രത്യേക അളവ് പരിധി നിശ്ചയിച്ചിരുന്നില്ല. എന്നാൽ രാജ്യത്തെ സ്വർണ്ണം, വെള്ളി ഇറക്കുമതിയിൽ ഉണ്ടായ അമിതമായ വർദ്ധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ്ണ-വെള്ളി ഇറക്കുമതിയിൽ 26.7 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം 102.5 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. രാജ്യത്തിന്റെ ആകെ ഇറക്കുമതിയിൽ ഈ ലോഹങ്ങളുടെ വിഹിതം 11.8 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർന്നത് സാമ്പത്തിക മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറക്കുമതി നിയന്ത്രിച്ച് വ്യാപാരക്കമ്മി കുറയ്ക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചത്.

Content Highlights: Gold prices in Kerala fell today despite expectations of a further rise. The unexpected decline offers temporary relief to buyers after recent volatility in the market. Price movements continue to be influenced by global trends, currency fluctuations, and investor sentiment.

dot image
To advertise here,contact us
dot image