

ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറ്റിരിക്കുകയാണ്. നിരവധി പേരാണ് വി ഡി സതീശന് ആശംസകളുമായി എത്തുന്നത്. ഇതിൽ സംവിധായകൻ സത്യൻ അന്തിക്കാട് പങ്കുവെച്ച കുറുപ്പാണ് ശ്രദ്ധനേടുന്നത്. 'സതീശൻ എന്ന സന്ദേശം' എന്ന കുറിപ്പോടെയാണ് സത്യൻ അന്തിക്കാട് പോസ്റ്റ് തുടങ്ങുന്നത്. സന്ദേശം സിനിമയുടെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്ന് സത്യൻ അന്തിക്കാട് എഴുതി.
സന്ദേശം സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. സിനിമ കണ്ടതിൻ്റെ പിറ്റേ ദിവസം വി ഡി സതീശൻ ഒരു അഭിഭാഷകൻ്റെ ജൂനിയറായി ചേർന്നുവെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും സത്യൻ അന്തിക്കാട് കുറിച്ചു. രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ടെങ്കിലും ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സതീശൻ എന്ന സന്ദേശം - വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്. പക്ഷെ കോടതിയിൽ പോകാറില്ല. രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. അതു കണ്ടതിൻ്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു. പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് "രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ"എന്ന്.സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്.
ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ. പാതിരാത്രി വരെ നീളുന്ന പരിപാടികൾ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിൻ്റെ ഗുണം കാണാറുമുണ്ട്.സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസ്സിലാക്കിയിട്ടില്ല.സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകൾ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോൺഗ്രസ്സിൽ അത് സതീശനിൽ മാത്രമേ ഇന്ന് കാണുന്നുള്ളു.
വർഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസ്സുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശന്നെ കുറ്റപ്പെടുത്തുമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശൻ്റെ ഇമേജാണ്. രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണ്. "സന്ദേശ" ത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും.
Content Highlights: Veteran Malayalam filmmaker Sathyan Anthikad has opened up about his memories with Kerala Chief Minister-designate V. D. Satheesan. Recalling their long association, Sathyan Anthikad spoke warmly about Satheesan’s personality, public interactions, and journey in politics.