

ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ റെക്കോർഡ് തുകയ്ക്ക് ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുൻ ഉടമ വിജയ് മല്യ. 2008ൽ 450 കോടിക്ക് വാങ്ങിയ ആർസിബിയെ 16,500 കോടി രൂപ മൂല്യമുള്ള ബ്രാൻഡായി വളർത്തിയതിനു നന്ദി പറഞ്ഞുകൊണ്ടാണ് മല്യയുടെ പോസ്റ്റ്. റോയൽ ചാലഞ്ച് ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് ടീമിന് ആർസിബി എന്നു പേരിട്ടതെന്നും ആർസിബി എന്നും തന്റെ ഡിഎൻഎയുടെ ഭാഗമായിരിക്കുമെന്നും മല്യ കുറിച്ചു.
‘ആർസിബിയുടെ പുതിയ ഉടമകളെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഏറ്റവും മൂല്യമുള്ള ഐപിഎൽ ഫ്രാഞ്ചൈസിക്ക് ഞാൻ എല്ലാ ആശംസകളും നേരുന്നു. 2008ൽ ഞാൻ 450 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസി വാങ്ങിയപ്പോൾ, മിക്കവരും എന്നെ പരിഹസിക്കുകയും എന്റെ നിക്ഷേപം അനാവശ്യമാണെന്നു വിമർശിക്കുകയും ചെയ്തു. എന്റെ 450 കോടി രൂപയുടെ നിക്ഷേപം 16,500 കോടി രൂപയായി വളരുന്നത് കാണുന്നതിൽ അതിയായ സന്തോഷമുണ്ട്. ’–വിജയ് മല്യ എക്സിൽ കുറിച്ചു.
എസ്ബിഐ നയിക്കുന്ന കൺസോർഷ്യത്തിൽ നിന്ന് വമ്പൻ തുക വായ്പ എടുത്ത് തിരിമറി നടത്തിയശേഷം, തിരിച്ചടയ്ക്കാതെ ഇന്ത്യയിൽ നിന്ന് 2016ലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇഡിയും സിബിഐയും. 2019 ജനുവരിയിലായിരുന്നു മല്യയെ ‘സാമ്പത്തിക പിടികിട്ടാപ്പുള്ളി’യായി പ്രഖ്യാപിച്ചത്.
2008ൽ 450 കോടി രൂപയ്ക്കാണ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യൂണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റ്ഡ് (യുഎസ്എൽ) കമ്പനി ആർസിബിയെ വാങ്ങിയത്. 2012ൽ യുഎസ്എൽ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമാണ് കമ്പനിയായ ഡിയോജിയോയുടെ ഭാഗമായി. പിന്നാലെ മല്യക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കേസുകൾ വന്നതോടെ ഡിയോജിയോ യുഎസ്എലിനെ പൂർണമായി ഏറ്റെടുത്തു. ഇതോടെ ആർസിബി ടീം ഡിയോജിയോയുടെ നിയന്ത്രണത്തിലായി.
കഴിഞ്ഞ സീസണിൽ ആർസിബി ഐപിഎൽ കിരീടം നേടിയതു മുതൽ ടീമിലെ വിൽക്കാൻ ഡിയോജിയോ ശ്രമം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം 16, 706 കോടി രൂപയ്ക്കാണ് ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോൺ എന്നിവരുൾപ്പെട്ട കൺസോഷ്യം ആർസിബിയെ ഏറ്റെടുത്തത്.
Content Highlights:;vijay mallya reaction rcb record sale ipl 2026 virat kohli