

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസണിൽ ഏറെ പ്രതീക്ഷകളോടെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് ഇറങ്ങുന്നത്. ഇന്ത്യയുടെ സൂപ്പർ താരം റിഷഭ് പന്ത് നയിക്കുന്ന ലഖ്നൗവിന് ഇത്തവണയും ആദ്യകിരീടത്തിൽ കുറഞ്ഞ ലക്ഷ്യങ്ങളൊന്നും തന്നെയില്ല. ഇപ്പോഴിതാ ഐപിഎൽ പോരാട്ടങ്ങൾ പടിവാതിൽക്കലെത്തിയ സാഹചര്യത്തിൽ ലഖ്നൗ താരങ്ങൾക്കും ക്യാപ്റ്റൻ റിഷഭ് പന്തിനും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ടീം ഉടമയായ സഞ്ജീവ് ഗോയങ്ക.
'ലഖ്നൗ ടീമിന്റെ ശരിയായ വ്യക്തിത്വം ഇപ്പോഴും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ഏത് സ്പോർട്സ് ടീമിനെ സംബന്ധിച്ചിടത്തോളവും കിരീടം നേടുമ്പോൾ ലഭിക്കുന്ന ബഹുമാനം മറ്റെന്ത് ചെയ്താലും കിട്ടില്ല. ലഖ്നൗ രണ്ട് തവണ ഐപിഎൽ പ്ലേ ഓഫിൽ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ അത് മതിയാകില്ല. ചില മത്സരങ്ങൾ ജയിക്കുകയും തോൽക്കുകയും ചെയ്തേക്കാം. എന്നാൽ എന്നതല്ല ആദ്യ കിരീടം നേടാൻ ഇത്തവണ സാധിക്കണം. ഇല്ലെങ്കിൽ ബഹുമാനം ലഭിക്കില്ല' ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കവെ ഗോയങ്ക പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയിൽ റിഷഭ് പന്തിനുള്ള മുന്നറിയിപ്പാണിത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലായിരുന്നു ലഖ്നൗവിന്റെ ആദ്യത്തെ പ്രധാന താരം. എന്നാൽ ഗോയങ്കയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്നാണ് രാഹുൽ ടീം വിട്ടത്. അവസാന സീസണിൽ റിഷഭ് പന്തിന് കീഴിൽ ഇറങ്ങിയ ലഖ്നൗവിന് ഏഴാം സ്ഥാനത്താണ് എത്താനായത്. അതുകൊണ്ടുതന്നെ ഈ സീസണിൽ ടീമിന്റെയും വ്യക്തിപരമായും ശക്തമായ തിരിച്ചുവരവാണ് റിഷഭ് പന്തിന്റെ ലക്ഷ്യം.
Content Highlights: IPL 2026: Sanjiv Goenka Sends Message To LSG Captain Rishabh Pant