

2025 ഐപിഎൽ സീസണിലെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സിനോട് മുംബൈ ഇന്ത്യൻസ് പാരാജയം ഏറ്റുവാങ്ങിയപ്പോൾ നായകൻ ഹാർദിക് പാണ്ഡ്യ തികച്ചും നിസ്സഹായനായിരുന്നുവെന്ന് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ശ്രേയസ് അയ്യർ പന്തുകൾ അടിച്ചുപറത്തിയപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഹാർദിക് പകച്ചുപോയി, അത്തരമൊരു സാഹചര്യത്തിൽ രോഹിത് ശർമ കളിക്കളത്തിൽ ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും കൈഫ് നിരീക്ഷിച്ചു. തന്‍റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് കൈഫ് മുംബൈ മാനേജ്‌മെന്‍റിനെതിരെയും ഹാർദിക്കിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.
രോഹിത് ശർമയെ വെറുമൊരു 'ഇംപാക്ട് പ്ലെയർ' ആയി മാത്രം ഉപയോഗിക്കുന്നത് മുംബൈ ചെയ്യുന്ന വലിയ തെറ്റാണെന്ന് കൈഫ് ഓർമിപ്പിച്ചു. അഞ്ച് ഐപിഎൽ കിരീടങ്ങളിലും ലോകകപ്പിലും മുത്തമിട്ട ക്യാപ്റ്റനാണ് രോഹിത് ശർമ. അദ്ദേഹം വെറുമൊരു ബാറ്റിംഗ് ഇംപാക്ട് പ്ലെയറായി ഡഗ് ഔട്ടിൽ ഇരിക്കേണ്ടവനല്ലെന്നും കൈഫ് പറഞ്ഞു. 'കഴിഞ്ഞ ക്വാളിഫയറിൽ ശ്രേയസ് അയ്യർ തകര്‍ത്തടിക്കുമ്പോള്‍ ഹാർദിക് പാണ്ഡ്യ നിസ്സഹായനായിരുന്നു. രോഹിത് ഫീൽഡിൽ ഉണ്ടായിരുന്നെങ്കിൽ ബൗളർമാർക്ക് അത് വലിയ ആശ്വാസമായേനെ' താരം കൈഫ് വ്യക്തമാക്കി.
മത്സരത്തിന്‍റെ നിർണായക ഘട്ടങ്ങളിൽ രോഹിത് ബൗളർമാരോട് സംസാരിക്കുന്നത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കൈഫ്, രോഹിത്തിനെപ്പോലൊരു അനുഭവസമ്പന്നനായ താരം അടുത്തുനിൽക്കുന്നത് ബൗളർമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും പറഞ്ഞു. രണ്ട് ദിവസങ്ങൾക്കപ്പുറം ആരംഭിക്കുന്ന 2026 ഐപിഎൽ സീസണിലെങ്കിലും ഈ തെറ്റ് ആവർത്തിക്കരുതെന്നും രോഹിത് ശർമ്മ ഫീൽഡിൽ വേണമെന്ന് ഹാർദിക് തന്നെ കോച്ചിനോടും ടീം ഉടമകളോടും ആവശ്യപ്പെടണം കൈഫ് കൂട്ടിച്ചേർത്തു. മാത്രമല്ല, രോഹിത് ഒരിക്കലും ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിൽ അനാവശ്യമായി ഇടപെടില്ലെന്നും, എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും കൈഫ് ഓർമ്മപ്പെടുത്തി. മാർച്ച് 30-ന് വാംഖഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്‍റെ സീസണിലെ ആദ്യ മത്സരം.
Content highlights: 'Rohit's absence will be a setback for Mumbai Indians': Mohammad Kaif warns