

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ പീഡനത്തിന് ഇരയായ വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. കുഞ്ഞിന്റെ അമ്മൂമ്മ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അഖിലയുടെ അമ്മ റീനയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചത്. നിസ്സഹായാവസ്ഥ റീന ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാകും എന്നായിരുന്നു ഹെല്‍പ്പ്‌ലൈനില്‍ നിന്ന് അവര്‍ക്ക് ലഭിച്ച മറുപടി. ഡിസിപിയു തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. മെയ് മൂന്നിനാണ് റീന ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചത്. 26-ാം ദിവസമാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ രണ്ട് കൈകളിലും പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ടെന്നും കുഞ്ഞ് വണ്ടിയില്‍ നിന്ന് വീണു എന്നാണ് അഖില പറഞ്ഞതെന്നുമാണ് റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിളിച്ച് പറഞ്ഞത്. മകന്റെ ഭാര്യയ്ക്ക് സുഹൃത്ത് അയച്ചുകൊടുത്ത ഫോട്ടോയാണെന്നും അത് മകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കുഞ്ഞ് വണ്ടിയില്‍ നിന്ന് വീണതാണെങ്കില്‍ ശരീരത്തില്‍ മറ്റ് ഭാഗത്ത് മുറിവുകളുണ്ടാകണം. എന്നാല്‍ ഫോട്ടോയില്‍ മറ്റെവിടെയും മുറിവ് കാണുന്നില്ല. ആ കുഞ്ഞിനെ മകളുടെ ഭര്‍ത്താവ് ഉപദ്രവിച്ചുവെന്നാണ് കരുതുന്നത് എന്ന് റീന പറഞ്ഞു. എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് എന്തിനാണ് നിങ്ങള്‍ കുഞ്ഞിനെ അവരുടെ കൂടെ വിട്ടത്, ഷെല്‍ട്ടറിലേക്ക് മാറ്റിക്കൂടായിരുന്നോ എന്നായിരുന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ തിരിച്ച് ചോദിച്ചത്. കുട്ടി വണ്ടിയില്‍ നിന്ന് വീണതാകും, നിങ്ങള്‍ മകളെ വിളിച്ച് ചോദിക്കാത്തത് എന്താണ് എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്.
മെയ് 29-നാണ് നെടുമങ്ങാട് ചോറ് കഴിക്കുന്നതിനിടെ ഛർദിച്ചുവെന്ന് പറഞ്ഞ് ഒന്നരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ കുഞ്ഞ് മരിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ അഷ്‌കർ കുറ്റം സമ്മതിച്ചു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ അഷ്‌കർ മർദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Content Highlights: nedumangad baby death; akhila's mother already informed child line about the crime, audio out