

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ എന്നിവയ്ക്കായുള്ള സേവന ദാതാക്കളെ മാറ്റുന്നതായി അബുദാബിയിലെ ഇന്ത്യൻ എംബസി. നിലവിലെ സേവന ദാതാക്കളായ ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് ലിമിറ്റഡ്, എസ്ജിഐവിഎസ് ഗ്ലോബൽ എന്നിവർ 2026 ജൂൺ 30 വരെ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കി. ഈ രണ്ട് കമ്പനികൾക്ക് പകരം അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് യുഎഇയിലെ പുതിയ ഔദ്യോഗിക സേവന ദാതാവ്. 2026 ജൂലൈ ഒന്ന് മുതൽ അപേക്ഷകൾ അൽഹിന്ദ് വഴിയായിരിക്കും സ്വീകരിക്കുക.
പുതിയ സേവന ദാതാക്കളുടെ സേവന കേന്ദ്രങ്ങൾ, പ്രവർത്തന സമയം, അപ്പോയിന്റ്മെന്റ് നടപടിക്രമങ്ങൾ, സേവന നിരക്കുകൾ, കോൺടാക്റ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി പ്രത്യേകം പുറപ്പെടുവിക്കുമെന്ന് എംബസി അറിയിച്ചു. അപേക്ഷകർ 2026 ജൂൺ 30 വരെ നിലവിലുള്ള സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ തുടർന്നും ഉപയോഗിക്കണം. മാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളെയും സ്ഥിരീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും മാത്രം ആശ്രയിക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അപേക്ഷകർക്ക് നിർദ്ദേശം നൽകി. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ കോൺസുലാർ സേവനങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, ഈ മാറ്റം സുഗമവും തടസ്സരഹിതവുമാണെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: The UAE will introduce new service providers for Indian passport and visa-related services from July 1, aiming to streamline consular procedures for the Indian community.