സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് സ്ത്രീകൾക്ക് സൗജന്യയാത്ര ലഭിക്കുക

സ്ത്രീകൾക്ക് സൗജന്യ യാത്ര  ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി
dot image

തിരുവനന്തപുരം: ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി. ​സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയാണ് കെഎസ്ആർടിസി പുറത്ത് വിട്ടിരിക്കുന്നത്. ​ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക.

എഴ് വിഭാ​ഗം ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

  • ​സാധാരണ ഓർഡിനറി സർവീസ്
  • ​സിറ്റി ഓർഡിനറി ബസ്
  • ​ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്
  • ​ടൗൺ ടു ടൗൺ ബസ്
  • ​ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
  • ​പോയിന്റ്‌ ടു പോയിന്റ്‌ ഓർഡിനറി സർവീസ്
  • ​ഗ്രാമവണ്ടി സർവീസ്

പ്രിയദർശിനി' പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മെമ്മോറാണ്ടം പുറത്തിറക്കി. സൗജന്യ യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധി ഉണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസ്സുകളിൽ സൗജന്യമില്ല. ഉത്സവകാല സ്പെഷ്യൽ, വീക്ക് എൻഡ് അഡീഷണൽ സർവീസുകളിൽ ആനുകൂല്യം ബാധകമല്ല. ബിറ്റിസി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിലും സൗജന്യം ഉണ്ടാവില്ല.

ബസ് തിരിച്ചറിയലും ടിക്കറ്റ് വിതരണവും

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ അറിഞ്ഞിരിക്കേണ്ടത്
  • സൗജന്യ ബസ്സുകളുടെ മുന്നിലും ഇരുവശത്തും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തും
  • സ് ത്രീകൾക്ക് തുക ഈടാക്കാതെ നിർബന്ധമായും 'സീറോ ടിക്കറ്റ്' നൽകും
  • ടിക്കറ്റിൽ യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലം രേഖപ്പെടുത്തും
  • കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സ് ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടിക്കറ്റുകൾ നൽകും
  • കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ ലഗേജ് ടിക്കറ്റ് എടുക്കണം

ജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും കർശന നടപടിയും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • സീറോ ടിക്കറ്റ് നൽകാതിരിക്കുന്നതും യാത്രക്കാരില്ലാതെ ടിക്കറ്റ് അടിക്കുന്നതും തെറ്റ്
  • സ്ത്രീകൾക്ക് ടിക്കറ്റ് നൽകാതിരിക്കുകയോ പണം ഈടാക്കുകയോ ചെയ്താൽ നടപടി
  • പുരുഷന്മാർക്ക് വനിതകളുടെ സൗജന്യ ടിക്കറ്റ് നൽകിയാൽ കർശന നിയമനടപടി
  • വനിതാ യാത്രക്കാരോട് സൗഹാർദ്ദപരമായും മാന്യമായും പെരുമാറണം
  • സ്ത്രീകൾക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും അവസരമൊരുക്കണം
  • സൗജന്യമില്ലാത്ത ബസ്സുകളിൽ കയറും മുൻപ് കണ്ടക്ടർമാർ വിവരം സ്ത്രീകളെ അറിയിക്കണം
  • രാത്രിയിൽ ബസ് നിർത്തുന്നതിനുള്ള നിലവിലെ നിർദ്ദേശം പാലിക്കണം

പ്രിയദർശനി പദ്ധതിയുടെ ഭാ​ഗമായി ഓടുന്ന കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിശീലനം നൽകും. ഇറ്റിഎം മെഷീനുകളിൽ 'സീറോ ഫെയർ' ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. എല്ലാ മാസവും വരുമാന വിവര റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറും.തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ ക്രമീകരിക്കും. ആവശ്യമായ ജീവനക്കാരെയും ബസ്സുകളെയും സെക്ഷൻ മേധാവികൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

ജൂൺ 15 മുതൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേർസിനും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനം വിലയിരുത്തിയ ശേഷം കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നുമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. പദ്ധതിയിലൂടെ കെഎസ്ആർടിസി വരുമാനത്തിൽ ഒരു വർഷം 800 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്ക്. ഈ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് വാ​ഗ്ദാനത്തിൻ്റെ ഭാ​ഗമായാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കിയിരിക്കുന്നത്.

അതേസമയം കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ രംഗത്തെത്തിയിട്ടുണ്ട്. ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സർവീസ് നിർത്തി സമരം നടത്താനാണ് തീരുമാനം. സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന തീരുമാനമാണിതെന്നാണ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചത്.

Content Highlights: KSRTC has officially released the sub-class list of ordinary buses eligible under the free travel scheme for women. Check the complete details, eligible bus categories, and latest updates from KSRTC.

dot image
To advertise here,contact us
dot image