

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ ഘടന പുതുക്കുന്നതിനായുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ചർച്ചകളും കൂടിയാലോചനകളും സജീവമായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽദാതാക്കളായ ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രധാന സംഘടനകൾ തങ്ങളുടെ നിർണ്ണായക ആവശ്യങ്ങൾ കമ്മീഷന് മുന്നിൽ സമർപ്പിച്ചു കഴിഞ്ഞു.
ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (IRTSA), റെയിൽവേ സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി (RSCWS) എന്നീ പ്രമുഖ സംഘടനകള്‍ വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ മെമ്മോറാണ്ടമാണ് സമർപ്പിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ 2027 പകുതിയോടെ അന്തിമ ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ അടിസ്ഥാന ശമ്പളം 52,600 രൂപയായി പുതുക്കി നിശ്ചയിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇന്നത്തെ ജീവിതച്ചെലവുകളും സാമ്പത്തിക അവസ്ഥയും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിലായിരിക്കണം ഇത് കണക്കാക്കേണ്ടത്. ശമ്പളം പുതുക്കാൻ ഉപയോഗിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടറിലും വലിയ വർദ്ധനവ് ഇവർ ആവശ്യപ്പെടുന്നുണ്ട്.
അടിസ്ഥാന തസ്തികകൾക്ക് 2.92 ഫിറ്റ്മെന്റ് ഫാക്ടറും, റെയിൽവേയിലെ സുരക്ഷാ വിഭാഗത്തിലുള്ള മധ്യനിര തസ്തികകൾക്ക് 3.50 മുതൽ 3.80 വരെയുള്ള ഫിറ്റ്മെന്റ് ഫാക്ടറും അനുവദിക്കണമെന്നാണ് നിർദ്ദേശം. ഈ വർദ്ധനവ് വെറും പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ മാത്രമല്ല, ജീവനക്കാരുടെ യഥാർത്ഥ വരുമാന വളർച്ച ഉറപ്പാക്കാൻ ഉതകുന്നതുമാകണം എന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള 3 ശതമാനം വാർഷിക ശമ്പളവർദ്ധനവ് നിരക്ക് പണപ്പെരുപ്പം കാരണം വളരെ കുറവായതിനാൽ വാർഷിക ഇൻക്രിമെന്റ് നിരക്ക് 5 ശതമാനമായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ഒരേ തസ്തികയിൽ തുടർന്ന് പ്രൊമോഷൻ ലഭിക്കാതെ സ്തംഭനാവസ്ഥയിലാകുന്ന ജീവനക്കാർക്ക് നിശ്ചിത വർഷത്തെ സേവനത്തിന് ശേഷം അധിക ഇൻക്രിമെന്റുകൾ നൽകണം.
കൂടാതെ ജൂനിയർ എഞ്ചിനീയർ, സീനിയർ സെക്ഷൻ എഞ്ചിനീയർ എന്നിവരുടെ ജോലിയുടെ ഉത്തരവാദിത്തവും അപകടസാധ്യതയും കണക്കിലെടുത്ത് അവരുടെ ശമ്പള സ്കെയിലുകൾ ഉയർത്തുകയും, സീനിയർ സെക്ഷൻ എഞ്ചിനീയർമാർക്ക് 'ഗ്രൂപ്പ് ബി ഗസറ്റഡ്' പദവി നൽകുകയും വേണം. അലവൻസുകളുടെ കാര്യത്തിൽ നൈറ്റ് ഡ്യൂട്ടി, ഓവർടൈം, പ്രൊഡക്ഷൻ കൺട്രോൾ അലവൻസുകൾ എന്നിവ ഉറപ്പാക്കണമെന്നും മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് മുൻനിർത്തി വീട്ടുവാടക അലവൻസും യാത്രാ അലവൻസും കാലാനുസൃതമായി പരിഷ്കരിക്കണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ശമ്പള കമ്മീഷൻ വിവിധ സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ജൂൺ 15 വരെയാണ് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്. ലഭിച്ച വിവരങ്ങളും ഡാറ്റകളും കൃത്യമായി വിശകലനം ചെയ്ത ശേഷം കമ്മീഷൻ 2027 പകുതിയോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻകാല രീതികള്‍ അനുസരിച്ച് കമ്മീഷൻ ശുപാർശകൾ സമർപ്പിച്ചാലും അത് പൂർണ്ണമായി നടപ്പിലാക്കാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാം. അതായത്, ഔദ്യോഗിക പ്രഖ്യാപനം 2027-ൽ ഉണ്ടായാലും ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭിച്ചു തുടങ്ങുക 2029-ലോ 2030-ലോ ആയിരിക്കാനാണ് സാധ്യത. ഈയിടെ റെയിൽവേ ജീവനക്കാരുടെ ക്ഷാമബത്ത (DA) 58%-ൽ നിന്നും 60% ആയി കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു.
Content Highlights: Ahead of the 8th Pay Commission, railway employee representatives have reportedly sought an increase in the minimum salary of central government employees to ₹52,600. The demand is part of broader discussions on pay revision, allowances, and employee benefits, with expectations rising over the recommendations of the upcoming commission.