

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന നഗരങ്ങൾ ഏതാണെന്ന് ചോദിച്ചാൽ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവയുടെ പേരുകളാകും ആദ്യം ഓർമ്മ വരിക. എന്നാൽ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ ഈ പരമ്പരാഗത നഗരങ്ങളെയെല്ലാം പിന്നിലാക്കി ശമ്പളവർദ്ധനവിന്റെ കാര്യത്തിൽ ചെന്നൈ ഒന്നാമതെത്തുമെന്ന് റിപ്പോർട്ട്. പ്രമുഖ തൊഴിൽ കൺസൾട്ടൻസി സ്ഥാപനമായ 'ടീംലീസ്' (TeamLease) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
റിപ്പോർട്ട് പ്രകാരം വരും സാമ്പത്തിക വർഷത്തിൽ ചെന്നൈയിൽ ശരാശരി 9.7 ശതമാനം ശമ്പളവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 9.6 ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്ന പുനൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെ തൊട്ടുപിന്നിലാക്കിയാണ് ചെന്നൈ ഈ നേട്ടം കൈവരിക്കുന്നത്. 20 നഗരങ്ങളിലെ 23 വ്യവസായ മേഖലകളിൽ നിന്നുള്ള 1,268 ബിസിനസ്സ് സ്ഥാപനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുൻപത്തെപ്പോലെ ഏതാനും ചില ഐടി നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ തെളിവാണ് ഈ മാറ്റം. നിർമ്മാണ മേഖല, അടിസ്ഥാന സൗകര്യ വികസനം, ഇലക്ട്രിക് വാഹനങ്ങൾ (EV), ആരോഗ്യം, വ്യവസായ നിക്ഷേപങ്ങൾ എന്നിവയാണ് പുതിയ നഗരങ്ങളിലെ ശമ്പള വളർച്ചയ്ക്ക് ഇന്ധനമേകുന്നത്. ഓട്ടോമൊബൈൽ നിർമ്മാണം, ഇലക്ട്രോണിക്സ് ഉൽപ്പാദനം, ഇലക്ട്രിക് വാഹന നിക്ഷേപങ്ങൾ എന്നിവയുടെ പ്രധാന ഹബ്ബായി മാറിയതാണ് ചെന്നൈയെ ഒന്നാമതെത്തിച്ചത്.
ഇതേസമയം സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് എന്നിവയുടെ കരുത്തിലാണ് പുണെയും ഹൈദരാബാദും മുന്നേറുന്നത്. ഇവയ്ക്ക് പുറമെ അഹമ്മദാബാദ്, വിശാഖപട്ടണം (9.5%), നാഗ്പൂർ (9.4%) എന്നീ നഗരങ്ങളും വ്യാവസായിക കോറിഡോറുകളുടെ വികസനവും അടിസ്ഥാന സൗകര്യ പദ്ധതികളും വഴി വലിയ ശമ്പള വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്.
ഭാവി സാധ്യതകളുള്ള വ്യവസായ മേഖലകളിലെ വിദഗ്ദ്ധർക്കാണ് കമ്പനികൾ കൂടുതൽ ശമ്പളം നൽകാൻ തയ്യാറാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇവി(EV) മേഖലയിലെ ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്കാണ് ഏറ്റവും ഉയർന്ന ശമ്പളവർദ്ധനവ് (11.2%) ലഭിക്കാൻ സാധ്യതയുള്ളത്. തൊട്ടുപിന്നാലെ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാർക്ക് 10.9 ശതമാനവും, പ്രോജക്ട് എഞ്ചിനീയർമാർക്ക് 10.7 ശതമാനവും, ഐടി സപ്പോർട്ട് എക്സിക്യൂട്ടീവുകൾക്ക് 10.3 ശതമാനവും ശമ്പളവർദ്ധനവ് ലഭിച്ചേക്കാം.
Content Highlights: Industry forecasts suggest that a city other than Bengaluru and Mumbai could record the highest salary growth in the next financial year. The expected increase is being driven by strong hiring demand, expansion in key industries, and growing competition for skilled talent, reflecting changing trends in India's employment market.