ബോളിങ്ങിലും തിളങ്ങി ഷോൺ റോജർ; ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

കേരളത്തിന് ഇപ്പോൾ ആകെ 121 റൺസിന്റെ ലീഡുണ്ട്

ബോളിങ്ങിലും തിളങ്ങി ഷോൺ റോജർ; ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്
dot image

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 255-നെതിരെ ബാറ്റിങ്ങിനിറങ്ങിയ ഗോവ 171 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ഷോൺ റോജറുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് കരുത്തായത്. ശനിയാഴ്ച കളി നിർത്തുമ്പോൾ കേരളം രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെടുത്തിട്ടുണ്ട്. കേരളത്തിന് ഇപ്പോൾ ആകെ 121 റൺസിന്റെ ലീഡുണ്ട്.

വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഒൻപത് റൺസെടുത്ത ശാർദ്ദൂൽ സന്തോഷ് സേത്തിനെ പുറത്താക്കി പവൻ രാജാണ് കേരളത്തിന് ആദ്യ വഴിത്തിരിവ് നൽകിയത്. തുടർന്നു വന്ന ശന്തനു നെവാഗിയെ (13) ജെ.എസ്. അനുരാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. മറുവശത്ത് ഉറച്ചുനിന്ന വിരാജ് നായിക്കിനെ (29) പുറത്താക്കിയാണ് ഷോൺ റോജർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്നെത്തിയ ഗോവ ക്യാപ്റ്റൻ യഷ് കസവങ്കർ (15), അനൂജ് യാദവ് (18), ദിശാങ്ക് മിസ്ക്വിൻ (17), നിത്യയ് (1) എന്നിവരെ പുറത്താക്കി ഷോൺ ഗോവൻ മധ്യനിരയുടെ നട്ടെല്ലൊടിച്ചു. ആദ്യ ഇന്നിങ്സിൽ കേരളത്തിന് വേണ്ടി ഷോൺ സെഞ്ച്വറിയും നേടിയിരുന്നു. ഇതോടെ ഒരു മത്സരത്തിൽ തന്നെ സെഞ്ച്വറിയും അഞ്ച് വിക്കറ്റും എന്ന അപൂർവ്വ നേട്ടവും ഷോൺ സ്വന്തമാക്കി.

ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റിന് 116 റൺസ് എന്ന നിലയിലേക്ക് തകർന്ന ഗോവയെ ചിഗിരുപതി വെങ്കടയും സമർഥും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് 150 കടത്തിയത്. ഇരുവരും ചേർന്ന് 45 റൺസാണ് കൂട്ടിച്ചേർത്തത്. വെങ്കട 31 റൺസെടുത്തു; സമർഥ് 16 റൺസോടെ പുറത്താകാതെ നിന്നു. അവസാന രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ജെ.എസ്. അനുരാജാണ് ഗോവൻ ഇന്നിങ്സിന് അവസാനമിട്ടത്. അനുരാജ് ആകെ മൂന്ന് വിക്കറ്റുകൾ നേടി.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. എസ്. എസ്. അക്ഷയ് (10), അഭിഷേക് ജെ നായർ (2) എന്നിവരാണ് പുറത്തായത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 18 റൺസുമായി വരുൺ നായനാരും രണ്ട് റൺസുമായി കൈലാസ് ബി. നായരുമാണ് ക്രീസിലുള്ളത്.

Content Highlights: Kerala take 84-run first innings lead against Goa in CK Nayudu Trophy Under-23

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us