

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരക്ക് മുൻപ് ഇന്ത്യക്ക് വമ്പൻ തിരിച്ചടി. മധ്യനിരയിലെ യുവതാരം തിലക് വർമക്ക് പരിക്കേറ്റത് കാരണം പരമ്പരയിലുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് തിലകിന് അടിവയറ്റിൽ പരിക്കേറ്റത്. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെതുടർന്ന് തിലക് ബിസിസിഐ സെൻറർ ഓഫ് എക്‌സലൻസിലെ ഡോക്ടർമാമാരുമായി ആശയവിനിമയം നടത്തിയിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകിനെ സ്‌കാനിംഗിന് വിധേയനാക്കുകയും ചെയ്തു.
തിലകിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയക്ക് വിധേയനാവുകയാണെങ്കിൽ മത്സര ക്രിക്കറ്റിൽ തിരിച്ചെത്താൻ മൂന്നോ നാലോ ആഴ്ച സമയം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. അതോടെ ഈ മാസം 21ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പര പൂർണമായും തിലകിന് നഷ്ടമായേക്കും.
ശസ്ത്രക്രിയക്ക് വിധേയനായാൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്ക് പുറമെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തിലക് കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. ടി20 ലോകകപ്പിൽ ഫെബ്രുവരി ഏഴിന് മുംബൈയിൽ യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 12ന് ഡൽഹിയിൽ നമീബിയയെയും ഫെബ്രുവരി 15ന് കൊളംബോയിൽ പാകിസ്ഥാനെതിരെയും ഫെബ്രുവരി 18ന് അഹമ്മദാബാദിൽ നെതർലൻഡ്‌സിനുമെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ.
ന്യൂസിലാൻഡ് പരമ്പരയിൽ താരത്തിന് പകരക്കാരനെ ഉടനെ തന്നെ ബിസിസിഐ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights- Tilak Varma Injured ahead of Nz series