

ആരോഗ്യ സംരക്ഷണ രംഗത്ത് ലോകത്തിലെ മികച്ച ഇരുപത് രാജ്യങ്ങളില്‍ ഇടം പിടിച്ച് വീണ്ടും ഖത്തര്‍. ആഗോള തലത്തിലെ ജീവിത നിലവാര സൂചിക പ്രകാരം നംബിയോ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ നേട്ടം. മെഡിക്കല്‍ പ്രൊഫഷണലുകള്‍, ആരോഗ്യ സംരക്ഷണ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ ലഭ്യതയും കഴിവും, മെഡിക്കല്‍ ഉപകരണങ്ങള്‍, അനുബന്ധ ചെലവുകള്‍ എന്നിവയുള്‍പ്പെടെയുളള നിരവധി പ്രധാന ഘടകങ്ങളും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.
ഓരോ രാജ്യത്തും ലഭ്യമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, വിഭവങ്ങള്‍ എന്നിവയുടെ വിശാലമായ വിലയിരുത്തല്‍ സൂചിക നല്‍കുന്നു. ആരോഗ്യ സംരക്ഷണ രംഗത്ത് 2025 ലെ അതേ റാങ്ക് നിലനിര്‍ത്തിക്കൊണ്ട് 2026 ലും ഖത്തര്‍ 18-ാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്തിന്റെ ആകെയുള്ള സ്‌കോറില്‍ നേരിയ പുരോഗതിയും രേഖപ്പെടുത്തിയിട്ടുണ്ട്. 73.4 ല്‍ നിന്ന് 73.6 ആയാണ് ഖത്തര്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളെ വിലയിരുത്തുന്ന സൂചികയുടെ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടിയ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ നിന്നുള്ള ഏക രാജ്യവും ഖത്തറാണ്. യുഎഇ 70.8 പോയിന്റുമായി 28-ാം സ്ഥാനത്തും, ഒമാന്‍ 62.2 പോയിന്റുമായി 53-ാം സ്ഥാനത്തും, സൗദി അറേബ്യ 62.2 പോയിന്റുമായി 53-ാം സ്ഥാനത്തും കുവൈറ്റ് 58.6 പോയിന്റുമായി 66-ാം സ്ഥാനത്തുമാണ്. ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം സമീപ വര്‍ഷങ്ങളില്‍ ശേഷി, തൊഴില്‍ ശക്തി വളര്‍ച്ച, സേവന നിലവാരം എന്നിവയില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും പ്രാപ്യമായതും ഉയര്‍ന്ന നിലവാരമുള്ളതുമാണ്. ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, മാനവ വിഭവശേഷി, പ്രതിരോധ പരിചരണം, ഭക്ഷ്യ സുരക്ഷ, അന്താരാഷ്ട്ര അംഗീകാരം എന്നിവയില്‍ ഗണ്യമായ നിക്ഷേപമാണ് രാജ്യം നടത്തിയിരിക്കുന്നത്.
Content Highlight : Qatar once again ranks among the top twenty countries in the world in healthcare. Qatar's achievement in this year's Healthcare Index report released by Numbeo, a global quality of life index.