ജമാഅത്തെ ഇസ്‌ലാമി മത തീവ്രവാദ സംഘടന, തീവ്രവാദികളെ കൂട്ടുപിടിച്ച് ജയിക്കാനാണ് കോൺഗ്രസ് ശ്രമം: എളമരം കരീം

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ജമാഅത്തെ ഇസ്‌ലാമി മത തീവ്രവാദ സംഘടന, തീവ്രവാദികളെ കൂട്ടുപിടിച്ച് ജയിക്കാനാണ് കോൺഗ്രസ് ശ്രമം: എളമരം കരീം
dot image

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്‌ലാമി മത തീവ്രവാദ സംഘടനയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. തീവ്രവാദികളെ കൂട്ടുപിടിച്ച് ജയിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
കോണ്‍ഗ്രസ് അങ്കലാപ്പിലാണ്. വി ഡി സതീശന്‍ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് പരാജയ ഭീതിയിലാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലൻ പറഞ്ഞത്. 'ഒന്നാം മാറാട്, രണ്ടാം മാറാട്, തലശ്ശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്', എന്നായിരുന്നു എ കെ ബാലന്റെ പരാമര്‍ശം.

പിന്നാലെ എ കെ ബാലന് എതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന്‍ മാപ്പ് പറയണമെന്നും ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്‌ലിം സംഘടനക്ക് എതിരെ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ കെ ബാലന്റെ ലക്ഷ്യമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ജമാത്തത്തെ ഇസ്‌ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് അമീന്‍ ഹസന്‍ വഴിയാണ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്. വിഷയത്തിൽ യുഡിഎഫ് നേതാക്കളും എ കെ ബാലനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

എന്നാൽ  എ കെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. എ കെ ബാലൻ ചില കാൽക്കുലേഷനുകൾക്ക് പുറത്ത് പറഞ്ഞതായിരിക്കാം. ഞങ്ങൾ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിൽ പോലും വരില്ല, പിന്നയല്ലേ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഏൽക്കുന്ന പ്രശ്‌നം വരുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

Content Highlights: elamaram kareem against jamaat e islami

dot image
To advertise here,contact us
dot image