

ആഷസ് അഞ്ചാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കായി സ്റ്റീവ് സ്മിത്ത് സെഞ്ച്വറി നേടിയിരുന്നു. സിഡ്‌നിയിൽ രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ 129 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് സ്മിത്ത്. 67 പന്തിൽ സെഞ്ച്വറിയിലെത്തിയ സ്മിത്ത് 15 ഫോറും ഒരു സിക്‌സും പറത്തിയാണ് ക്രീസിലുള്ളത്.
ആഷസിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓസീസ് താരമെന്ന റെക്കോർഡ് സ്മിത്ത് ഇതോടെ സ്വന്തമാക്കി. ആഷസിലെ സ്മിത്തിൻറെ പതിമൂന്നാം ശതകമാണിത്. 19 സെഞ്ച്വറികൾ നേടിയ ഇതിഹാസതാരം ഡോൺ ബ്രാഡ്മാൻ മാത്രമാണ് സ്മിത്തിന് മുന്നിലുള്ളത്. 12 സെഞ്ചുറികൾ നേടിയിട്ടുള്ള ജാക് ഹോബ്‌സിനെയാണ് സ്മിത്ത് പിന്നിലാക്കിയത്.
ടെസ്റ്റ് കരിയറിലെ 37ാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് കരിയർ സെഞ്ച്വറികളുടെ എണ്ണത്തിൽ രാഹുൽ ദ്രാവിഡിനെയും സ്മിത്ത് മറികടന്നു.
അതേസമയം ആഷസ് അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്. ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡും സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിൻറെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 384 റൺസിന് മറുപടിയായി രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് സ്‌കോർബോർഡിൽ ചേർത്തു. 129 റൺസുമായി സ്മിത്തും 42 റൺസുമായി ബ്യൂ വെബ്സ്റ്ററുമാണ് ക്രീസിലുള്ളത്.
നേരത്തെ ഓപ്പണർ ട്രാവിസ് ഹെഡ് 166 പന്തിൽ 163 റൺസെടുത്ത് ഓസ്‌ട്രേലിയക്ക് മികച്ച അടിത്തറ നൽകിയിരുന്നു. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനിപ്പോൾ 134 റൺസിൻറെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്. ഇംഗ്ലണ്ടിനായി ബ്രെയ്ഡൻ കാർസ് മൂന്നും ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് രണ്ടും വിക്കറ്റ് നേടി.
ട്രാവിസ് ഹെഡിന് പുറമെ മൈക്കൽ നേസർ(24), വിരമിക്കൽ ടെസ്റ്റ് കളിക്കുന്ന ഉസ്മാൻ ഖവാജ(17), അലക്‌സ് ക്യാരി(16), കാമറൂൺ ഗ്രീൻ(37) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ഓപ്പണർ ജേക്ക് വെതറാൾഡിൻറെയും(21), മാർനസ് ലാബുഷെയ്‌നിൻറെയും(48) വിക്കറ്റുകൾ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. അഞ്ച് മത്സര പരമ്പരയിൽ 3-1ന് മുന്നിലുള്ള ഓസീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
Content Highlights- Steve Smith becomes batter with second most century in ashes history