

നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്‌നേഹ പ്രതികരിച്ചിരുന്നു. രാമകൃഷ്ണനെ അനുകൂലിച്ചാണ് സ്നേഹ പ്രതികരിച്ചത്. ഇതിനുള്ള മറുപടിയാണ് സത്യഭാമയുടെ പുതിയ ഫെയ്സ്ബുക്ക് വീഡിയോ.
'മറിമായത്തിലാണ് എന്നെ വിഷമിപ്പിച്ച, എനിക്കെതിരെ പോസ്റ്റിട്ട ഒരുത്തി ഉള്ളത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവളെ അറിയാം, ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി. കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ പഠിച്ച ഒരുത്തി. ഇവള്‍ എന്തു തുള്ളല്‍ ആണ് പഠിച്ചതെന്ന് പോലും എനിക്കറിഞ്ഞുകൂടാ. അവള്‍ എന്നെ വിശേഷിപ്പിച്ചത് 'ഈ സ്ത്രീ' എന്നാണ്. അവര്‍ പറഞ്ഞതെല്ലാം എന്റെ ഫോണില്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. എനിക്കിങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് നീ വിചാരിച്ചില്ല. ഇന്റര്‍വ്യൂവില്‍ ഡാന്‍സിന് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടന്‍തുള്ളല്‍ എടുത്തത്. ഓട്ടന്‍തുള്ളല്‍ ആണോ തുള്ളുന്നത്. നീ പഠിച്ച തൊഴില്‍ ആദ്യം കൈകാര്യം ചെയ്യ്.
നീ ജനിക്കുന്നതിനു മുമ്പ് ചായം തേച്ച് ഫീല്‍ഡില്‍ ഇറങ്ങിയതാണ് ഞാന്‍. നീയൊന്ന് കളിച്ചു കാണിക്ക്. കഞ്ഞി കുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയത്. നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ വിചാരം. അന്തസ് ആയിട്ടാണ് ഞാന്‍ കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങിയത്. നിന്റെ നാട്ടില്‍ ഒരു പരിപാടിക്ക് എന്നെ വിളിക്ക്, ഞാന്‍ വന്നു കളിക്കാം. എന്നെ വിമര്‍ശിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നിനക്ക് കിട്ടി. നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ പ്രതിയായി, ശരിയാണോ? അതൊക്കെ നീ മറന്നോ? ഞങ്ങള്‍ അതൊക്കെ മറക്കുമെന്ന് നീ വിചാരിച്ചു. അതിനാണ് ദൈവം എന്ന ശക്തിയുള്ളത്', എന്നാണ് വീഡിയോയിലൂടെ സത്യഭാമ പറയുന്നത്.
വീഡിയോയ്ക്ക് പിന്നാലെ രൂക്ഷവിമർശനമാണ് സത്യഭാമയ്ക്ക് നേരെ ഉയരുന്നത്. 'ആരും മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ശ്രദ്ധ നേടാനുള്ള വീഡിയോ ആണ്', 'സ്നേഹ അസാധ്യ കലാകാരിയാണ്. അവരെ ചോദ്യം ചെയ്യാനുള്ള യോഗ്യതയൊന്നും സത്യഭാമയ്ക്കില്ല' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. ഈ വിഷയത്തില്‍ സ്‌നേഹ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Sathyabhama bodyshaming comments on marimayam fame sneha