

കൊച്ചി: പുനര്‍ജനി പദ്ധതി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ പ്രളയബാധിതര്‍ക്ക് വീട് വെച്ച് നല്‍കുന്ന പുനര്‍ജനി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ നിരവധി നിയമലംഘനങ്ങളും അഴിമതിയുമാണ് നടന്നിട്ടുള്ളതെന്ന് എസ് സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
'പുനര്‍ജനി പദ്ധതിയില്‍ 229 വീടുകള്‍ നല്‍കിയെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. എന്നാല്‍ സതീശന്‍ നിര്‍മ്മിച്ച വീട് ഇതുവരെ കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വീട് ലഭിച്ചവരുടെ വിവരം പ്രസിദ്ധീകരിക്കാന്‍ വി ഡി സതീശനോ കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല. വീടുകളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ വി ഡി സതീശനെ വെല്ലുവിളിക്കുന്നു', അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ ചട്ടങ്ങള്‍ ലംഘിച്ച് പിരിച്ചെടുത്ത വിവിധ എന്‍ജിഒകള്‍ വഴിവന്ന തുക എത്രയാണ്? അത് ഏതിനത്തില്‍ ചെലവഴിച്ചു? ഏത് വര്‍ഷം ഓഡിറ്റ് ചെയ്തു? അതിന്റെ റിപ്പോര്‍ട്ട് എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വി ഡി സതീശന്‍ മറുപടി പറയണമെന്നും സതീശ് ആവശ്യപ്പെട്ടു. ലണ്ടനിലും ഗള്‍ഫ് രാജ്യങ്ങളിലും പോയി പണം പിരിവ് നടത്തി ചില എന്‍ജിഒ സംഘടനകളും ആയി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെടുത്ത പ്രവര്‍ത്തനമാണ് ചെയ്തിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ജനപ്രതിനിധിയായ വി ഡി സതീശന്‍ നിയമം ലംഘിച്ച് വിദേശ പണം പിരിക്കുകയും എന്നാല്‍ മണ്ഡലത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയതുമില്ല. പുത്തന്‍ വേലിക്കരയില്‍ ഫ്‌ളാറ്റിന് കല്ലിട്ടെങ്കിലും ആറ് വര്‍ഷമായിട്ടും നിര്‍മ്മാണം നടത്തിയില്ല. പ്രളയബാധിതരെ സഹായിക്കാന്‍ മറ്റ് ഏജന്‍സികള്‍ നിര്‍മ്മിച്ച വീടുകള്‍ പുനര്‍ജനിയുടെ പേരിലാക്കി കാണിക്കുകയും ചെയ്തു. ഇതിനുപുറമെ പാവപ്പെട്ടവര്‍ക്ക് നല്ല മനുഷ്യര്‍ നല്‍കിയ വീടുവയ്ക്കാനുള്ള സ്ഥലം പുനര്‍ജി പദ്ധതി പ്രകാരം വീട് നല്‍കാമെന്ന് പറഞ്ഞ് എഴുതി വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാതെ തട്ടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്', സതീഷ് പറയുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമ ( എഫ്‌സിആര്‍) ലംഘനം ഉള്‍പ്പടെയുള്ള ഈ തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും പുറത്തു വരണമെന്നും അതിനു കഴിയുന്ന സമഗ്രമായ അന്വേഷണമാണ് നടക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: CPI M Ernakulam district secretary S Satheesh criticised V D Satheesan in connection with the Punarjani project