

ആരാധകർ ഏറെ കാത്തിരിക്കുന്ന ഐപിഎൽ 2026 സീസണിലേക്കുള്ള കളിക്കാരെ കണ്ടെത്താനുള്ള താരലേലം ഇന്ന് അബുദാബിയിൽ നടക്കും. ഇത്തിഹാദ് അരീനയിൽ പകൽ 2.30 മുതൽ തുടങ്ങുന്ന ലേലത്തിൽ 359 കളിക്കാർ പങ്കെടുക്കും. 77 സ്ഥാനങ്ങളിലേക്കാണ് ലേലം. അതിൽ 46 ഇന്ത്യക്കാർക്കും 31 വിദേശ താരങ്ങൾക്കും അവസരമുണ്ട്. രജിസ്റ്റർ ചെയ്‌ത 1390 കളിക്കാരിൽനിന്നാണ് ചുരുക്കപട്ടിക തയ്യാറാക്കിയത്.
ഐപിഎൽ താരലേലത്തിൽ 13 മലയാളി താരങ്ങളാണ് അവസരം കാത്തിരിക്കുന്നത്. പേസ് ബോളർ കെ എം ആസിഫാണ് ഉയര്‍ന്ന അടിസ്ഥാന വിലയുള്ള മലയാളിതാരം. 40 ലക്ഷമാണ് കെ എം ആസിഫിന്റെ അടിസ്ഥാനവില. മുമ്പ് ചെന്നൈ സൂപ്പർ കിങ്സ് ടീമിലുണ്ടായിരുന്ന ആസിഫിന് സയ്യിദ് മുഷ്‌താഖ് ടൂർണമെന്റിലെ മികച്ച പ്രകടനമാണ് രക്ഷയായത്. ആറ് മത്സരങ്ങളിൽ 15 വിക്കറ്റുകളാണ് ആസിഫ് വീഴ്ത്തിയത്.
30 ലക്ഷം രൂപ അടിസ്ഥാനവിലയിൽ വിഘ്‌നേഷ് പുത്തൂർ, അഖിൽ സ്‌കറിയ, എൻ എം ഷറഫുദീൻ, ശ്രീഹരി നായർ, അഹമ്മദ് ഇമ്രാൻ, അബ്‌ദുൽ ബാസിത്, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, ഏദൻ ആപ്പിൾ ടോം എന്നിവർ പട്ടികയിലുണ്ട്. തിരുവനന്തപുരം സ്വദേശി ജിക്കു ബ്രൈറ്റാണ് ലേലത്തിലെ സർപ്രൈസ് മലയാളി സാന്നിധ്യം. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി നെറ്റ്‌സിൽ പന്തെറിഞ്ഞ ഓഫ് സ്‌പിൻ ബോളറായ ജിക്കു കേരളത്തിന് വേണ്ടി ഒറ്റ മത്സരവും കളിച്ചിട്ടില്ല.
സഞ്‌ജു സാംസണും വിഷ്‌ണു വിനോദുമാണ് നിലവിൽ ഐപിഎൽ ടീമിലുള്ള മലയാളികൾ. രാജസ്ഥാൻ റോയൽസ് ക്യാപ്‌റ്റനായിരുന്ന സഞ്‌ജു സാംസണെ ഇത്തവണ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയിരിക്കുകയാണ്. വിഷ്‌ണു വിനോദിനെ പഞ്ചാബ് കിംഗ്സ് നിലനിർത്തിയിരുന്നു. ഹൈദരാബാദിന്റെ മലയാളി താരമായ ആരോണ്‍ വര്‍ഗീസും ലേലത്തിനുണ്ട്. നിലവില്‍ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മിന്നും ഫോമിലാണ് ആരോണ്‍. സച്ചിന്‍ ബേബിയും, എംഡി നിധീഷും ലേലപ്പട്ടികയിലില്ല.
കഴിഞ്ഞ സീസണിൽ കളിച്ച മുംബൈ ഇന്ത്യൻസ് സ്‌പിന്നർ വിഘ്‌നേഷിനെയും സൺറൈസേഴ്‌സ് ഹൈദരാബാദ് ബാറ്റർ സച്ചിൻ ബേബിയെയും ഒഴിവാക്കിയിരുന്നു. ഇരുപത്തിനാലുകാരനായ വിഘ്‌നേഷിനെ മുംബൈ നിലനിർത്തുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ സീസണിൽ മലപ്പുറം സ്വദേശി അഞ്ച് കളിയിൽ ആറ് വിക്കറ്റ് വീഴ്ത്തിതിളങ്ങിയിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് പിൻവാങ്ങേണ്ടിവരികയായിരുന്നു. ഇത്തവണ യുവതാരത്തെ വലിയ തുക നൽകി സ്വന്തമാക്കാൻ ടീമുകൾ രംഗത്തുണ്ട്.
Content Highlights: 13 players from Kerala participates in Indian Premier League 2026 mini auction