

ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിൽ കാന്താരയിലെ റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് രൺവീർ വിശേഷിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിനിമയിലെ റിഷബിൻ്റെ പ്രകടനം രൺവീർ വേദിയിൽ മോശമായി അവതരിപ്പിച്ച് കാണിച്ചതും വിവാദമായി. വിമർശനങ്ങൾ കടുത്തപ്പോൾ നടൻ തന്നെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.
ഈ സംഭവത്തിന് ശേഷം ആളുകൾ ദൈവങ്ങളെ അനുകരിക്കുന്നതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റിഷബ് ഷെട്ടി. ദൈവ ഘടകം വളരെ സെൻസിറ്റീവായ വിഷയം ആണെന്നും അതുകൊണ്ട് തന്നെ വേദിയിൽ അവയെ അവതരിപ്പിക്കുന്നതും പരിഹസിക്കുന്നതും തന്നെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും റിഷബ് പറഞ്ഞു.
'കാന്താര പോലുള്ള ഒരു സിനിമ നിർമ്മിക്കുന്നതിൽ നല്ല റിസ്‌ക്കുണ്ട്, ഞങ്ങൾ ചിത്രത്തിൽ ദൈവ ഘടകങ്ങൾ ചേർത്തിട്ടുണ്ട്, സിനിമയുടെ ഭൂരിഭാഗവും സിനിമയും പ്രകടനവുമാണ്, ദൈവ ഘടകം സെൻസിറ്റീവും പവിത്രവുമാണ്. ഞാൻ എവിടെ പോയാലും, അത് വേദിയിൽ അവതരിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്യരുതെന്ന് ആളുകളോട് അഭ്യർത്ഥിക്കുന്നു. അത് വൈകാരികമായി ഞങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ദൈവങ്ങളെ 'അനുകരിക്കുകയോ പരിഹസിക്കുകയോ' ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നു,' റിഷബ് ഷെട്ടി പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നടന്റെ പ്രതികരണം. രൺവീർ സിങിന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം.
Making a film like #Kantara involves a certain degree of risk, we have added Daiva elements in the film, while much of the film is cinema and performance , the Daiva element is sensitive & Sacred. Wherever I go, I request people not to perform it on stage or mock it. It is… pic.twitter.com/BgeRUTL4D4
— Kolly Censor (@KollyCensor) December 15, 2025
റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രമായെത്തിയ കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ അതിഗംഭീര കളക്ഷനാണ് നേടിയത്. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം 800 കോടിയ്ക്ക് മുകളിൽ നേടിയിട്ടുണ്ട്. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024-ല്‍ 'കാന്താര'യിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു.
Content Highlights: Rishab Shetty says he's uncomfortable with mimicking of daivas 1st statement after Ranveer controversy