

രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികളിലൂടെയാണ് പാകിസ്താൻ കടന്ന് പോകുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഈ പ്രതിസന്ധികളുടെ ആഴം കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് അസിം മുനീറിനെ മുൻനിർത്തി സൈന്യം ഭരണത്തിൽ പിടിമുറുക്കുന്നതായുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ഏറ്റവും ഒടുവിൽ പാകിസ്താൻ്റെ ആദ്യ സംയുക്ത സേനാമേധാവിയായുള്ള ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ നിയമനം ഭരണം ഇനി സൈന്യത്തിൻ്റെ നിയന്ത്രണത്തിലായിരിക്കും എന്ന പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ വീണ്ടും പാകിസ്താനെ സംബന്ധിക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയിൽ വരുന്നത്. ആഭ്യന്തര- സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ പ്രവിശ്യാ വിഭജനത്തിന് തയ്യാറെടുക്കുകയാണ് പാകിസ്താൻ.

ഡിസംബർ 7ന് പാകിസ്താൻ ഫെഡറൽ മന്ത്രി അബ്ദുൾ അലീം ഖാൻ രാജ്യത്ത് പുതിയതും ചെറുതുമായ പ്രവിശ്യകൾ വീണ്ടും സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് ഭരണം മെച്ചപ്പെടുത്തുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി നൽകാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ ഈ പദ്ധതി യഥാർത്ഥത്തിൽ പാകിസ്താനിൽ ഇപ്പോഴത്തെ സാമ്പത്തിക, രാഷ്ട്രീയ, പ്രതിസന്ധികളെയും രാജ്യം നേരിടുന്ന ജലദൗർഭലഭ്യതയെയും മെച്ചപ്പെടുത്തുമോ അതോ കൂടുതൽ പ്രതിസന്ധിയിൽ ആക്കുമോ എന്നതിനെക്കുറിച്ച് പല വിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട്..
പാകിസ്താൻ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളെ കുറിച്ചറിയും മുൻപ് പാകിസ്താന്റെ പ്രവിശ്യാ ഘടന എങ്ങനെ ആണെന്ന് ആദ്യമൊന്ന് മനസിലാക്കാം. 1947-ലെ ഇന്ത്യയുടെ വിഭജനം ബ്രിട്ടീഷ് ഇന്ത്യയെ രണ്ട് സ്വതന്ത്ര ആധിപത്യ രാജ്യങ്ങളായി തിരിച്ചതാണ്. 1947-ൽ പാകിസ്താൻ സ്വതന്ത്രമായപ്പോൾ, രാജ്യത്തിന് ആകെ ലഭിച്ചത് അഞ്ച് പ്രവിശ്യകൾ ആണ്. കിഴക്കൻ ബംഗാൾ, പടിഞ്ഞാറൻ പഞ്ചാബ്, സിന്ധ്, വടക്ക്-പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, ബലൂചിസ്ഥാൻ എന്നിങ്ങനെ ആയിരുന്നു പ്രവിശ്യകൾ. രക്തരൂക്ഷിതമായ യുദ്ധത്തിനുശേഷം 1971-ൽ കിഴക്കൻ ബംഗാൾ ബംഗ്ലാദേശായി. പടിഞ്ഞാറൻ പഞ്ചാബ് വെറും പഞ്ചാബ് ആയി. വടക്ക്-പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ ഖൈബർ പഖ്തൂൺഖ്വ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതേസമയം സിന്ധും ബലൂചിസ്ഥാനും അതേപടി തുടർന്നു. അതിനാൽ നിലവിൽ പാകിസ്താനിൽ നാല് പ്രവിശ്യകളുണ്ട്. ഇപ്പോൾ ഈ നാല് പ്രവിശ്യകളെയും മൂന്ന് ചെറിയ പ്രവിശ്യകളായി വിഭജിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. അങ്ങനെ നടന്നാൽ പാകിസ്താനിൽ നാലിന് പകരം പന്ത്രണ്ട് പ്രവിശ്യകൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
പാകിസ്താന്റെ പ്രതിരോധ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഭരണകൂടം ശക്തമായ സ്വാതന്ത്ര്യ വികാരവും ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ നിന്നുള്ള കടുത്ത എതിർപ്പും നേരിടുന്ന സാഹചര്യത്തിലാണ് പാകിസ്താനെ ഭരണപരമായി വിഭജിക്കാനുള്ള ചർച്ച നടക്കുന്നത്. രണപരമായ നിയന്ത്രണം ശക്തിപ്പെടുത്താനും പൗരന്മാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും ഈ നീക്കം സഹായിക്കുമെന്ന് ഇസ്തെഹ്കാം-ഇ-പാകിസ്താൻ പാർട്ടി നേതാവ് കൂടിയായ അബ്‍ദുൾ അലീം ഖാൻ പറഞ്ഞത്. സിന്ധ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തഹിദ ക്വാമി മൂവ്‌മെന്റ്–പാകിസ്ഥാൻ എന്ന മറ്റൊരു പാർട്ടിയും പുതിയ പ്രവിശ്യകൾ സൃഷ്ടിക്കുന്നതിനെ പിന്തുണക്കുകയാണ്. ഇനി ഇങ്ങനെ സംഭവിച്ചാൽ എന്തൊക്കെ രാഷ്ട്രീയ വെല്ലുവിളികൾ ആകും നേരിടേണ്ടി വരിക എന്നാണ് ചോദ്യം.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സർക്കാരിൽ പാകിസ്താൻ ഫെഡറൽ മന്ത്രിയുടെ പാർട്ടിയേക്കാൾ വലിയ പങ്കാളിത്തം ആണ് ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടിക്കുള്ളത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സിന്ധ് പ്രവിശ്യയുടെ വിഭജനത്തെ പൂർണ്ണമായും എതിർക്കുന്ന പാർട്ടിയാണ്. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ, തങ്ങളുടെ പ്രവിശ്യ വിഭജിക്കാനുള്ള ഒരു പദ്ധതിയും തന്റെ പാർട്ടി ഒരിക്കലും അംഗീകരിക്കില്ലെന്ന് വ്യക്തമായി മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്. ഇത് കാണിക്കുന്നത് സർക്കാരിനുള്ളിൽ പോലും ഈ ആശയത്തിൽ ഒരു യോജിപ്പുമില്ല എന്നാണ്. മുൻപ് പലപ്പോഴും ഇത്തരത്തിലുള്ള വിഭജനത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു എങ്കിലും അന്തിമ തീരുമാനം ഇതുവരെയും വന്നിരുന്നില്ല. എന്തുകൊണ്ട് ആയിരിക്കും സർക്കാറിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ വരുന്നത് ?

ചരിത്രത്തിലുടനീളം നിരവധി വ്യത്യസ്ത ഭരണ പരീക്ഷണങ്ങൾ നടത്തിയ രാജ്യമാണ് പാകിസ്താൻ. വ്യത്യസ്ത ഭരണ സംവിധാനങ്ങൾ മുതൽ വിവിധ പരിഷ്കാരങ്ങൾ വരെ നടന്നിട്ടും, യഥാർത്ഥ പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് മുതിർന്ന പാക് ഉദ്യോഗസ്ഥനും മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായ സയ്യിദ് അക്തർ അലി ഷായെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോൾട്ട് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ദുർബലമായ ഭരണഘടനാ സ്ഥാപനങ്ങൾ, നിയമപാലകർ, മോശം പ്രാദേശിക ഭരണം, ഉത്തരവാദിത്തമില്ലായ്മ എന്നിവയാണ് പാകിസ്താന്റെ പ്രധാന പ്രശ്നങ്ങൾ. പുതിയ പ്രവിശ്യാ അതിർത്തികൾ വരയ്ക്കുന്നത് കൊണ്ട് മാത്രം ഈ അടിസ്ഥാന പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാദം.
ഇത് മാത്രമല്ല, കൂടുതൽ പ്രവിശ്യകൾ ഉണ്ടാവുക എന്ന് പറഞ്ഞാൽ കൂടുതൽ സർക്കാരുകൾ, കൂടുതൽ ഉദ്യോഗസ്ഥവൃന്ദം, കൂടുതൽ ചെലവുകൾ, കൂടുതൽ അഴിമതി എന്നിവ കൂടിയാകും ഉണ്ടാവുക എന്നും ഇവയെല്ലാം സാധാരണ പാകിസ്താനികൾ ദിനംപ്രതി നേരിടുന്ന പ്രശ്നങ്ങളുടെ ആക്കം കൂട്ടുകയേ ഉള്ളു എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നതുകൊണ്ട് തന്നെ പുതിയ പ്രാവശ്യങ്ങൾ ഉണ്ടാക്കാമെന്നുള്ള തീരുമാനത്തിലേക്ക് പെട്ടെന്ന് പകിസ്താൻ കടന്നേക്കില്ലെന്നാണ് അനുമാനിക്കേണ്ടത്.
Content Highlights : Pakistan to be partitioned again ?