'ഐപിഎല്‍ താരലേലത്തില്‍ പണം കൊയ്യുക അവനായിരിക്കും'; പ്രവചനവുമായി മുന്‍താരം

350 താരങ്ങളാണ് അന്തിമ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്

'ഐപിഎല്‍ താരലേലത്തില്‍ പണം കൊയ്യുക അവനായിരിക്കും'; പ്രവചനവുമായി മുന്‍താരം
dot image

ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം നാളെ നടക്കുകയാണ്. 350 താരങ്ങളാണ് അന്തിമ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 10 ടീമുകൾക്ക് കൂടി പരമാവധി 77 താരങ്ങളെയാണ് ആവശ്യമായി വരിക. ഇതിൽ 31 വിദേശ താരങ്ങളും ഉൾപ്പെടും.

ലേലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ 2026 ഐപിഎൽ താരലേലത്തിൽ ഏറ്റവും വിലയേറിയ താരം ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറായിരിക്കും ലേലത്തിൽ കൂടുതൽ പണം കൊയ്യുകയെന്നാണ് സഞ്ജയ് ബംഗാറിന്‍റെ പ്രവചനം. ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് ബംഗാർ മില്ലറിനെക്കുറിച്ച് സംസാരിച്ചത്. മില്ലറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മില്ലറിനെ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നും ബംഗാർ വ്യക്തമാക്കി.

'ഈ ഐപിഎൽ ലേലത്തിൽ ഏറ്റവും വിലയേറിയ മൂന്ന് താരങ്ങളിൽ ഡേവിഡ് മില്ലർ ഉണ്ടാവാൻ സാധ്യതയുണ്ട്. നിരവധി ടീമുകൾക്ക് അദ്ദേഹത്തെ പോലെ ഫിനിഷിങ് കഴിവുള്ള ഒരു താരത്തെ ആവശ്യമാണ്. ഗുജറാത്ത് ടൈറ്റൻസിൽ കളിച്ച അനുഭവ സമ്പത്ത് ടീമുകൾക്ക് ഗുണം ചെയ്യും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും അദ്ദേഹത്തെ ലക്ഷ്യം വെക്കാൻ കഴിയും. ആന്ദ്രേ റസൽ വിരമിച്ചതും കൊൽക്കത്തയുടെ കൈവശമുള്ള പണവും ഇതിന് സഹായമാകും'' സഞ്ജയ് ബംഗാർ പറഞ്ഞു.

അടുത്ത സീസണിന് മുമ്പായി 10 താരങ്ങളെയാണ് കെകെആർ റിലീസ് ചെയ്തത്. ഇതിൽ ഏറെ ശ്രദ്ധേയമായത് വെസ്റ്റ് ഇൻഡീസ് സ്റ്റാർ ഓൾ റൗണ്ടർ ആന്ദ്രേ റസലിനെ കൊൽക്കത്ത ഒഴിവാക്കിയത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് താരത്തെ കൊൽക്കത്ത റിലീസ് ചെയ്യുന്നത്. കൊൽക്കത്തക്കായി ബാറ്റ് കൊണ്ടും ബോൾ കൊണ്ടും നിർണായകമായ പങ്കുവഹിച്ച താരമാണ് റസൽ. കെകെആറിനായി 127 മത്സരങ്ങളിൽ നിന്നും 2484 റൺസാണ് താരം നേടിയത്. 115 വിക്കറ്റും താരം സ്വന്തമാക്കി.

Content Highlights: Sanjay Bangar Predicts David Miller As One Of the Most Expensive Players Of IPL 2026 Auction

dot image
To advertise here,contact us
dot image