

യുഎഇയില്‍ ജോലി തേടുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. മിഡ് ഓഷ്യന്‍ സര്‍വകലാശാല നല്‍കുന്ന അക്കാദമിക് യോഗ്യതകള്‍ക്ക് ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം ഈ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
യുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ മിഡ് ഏഷ്യന്‍ സര്‍വകലാശാല ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫുജൈറ ഫ്രീ സോണില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിന്റെ അക്രഡിറ്റേഷന്‍ ആവശ്യകതകള്‍ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം പിന്‍വലിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി.
ഈ സ്ഥാപനം നല്‍കുന്ന യോഗ്യതകള്‍ ഇനി യുഎഇയിലെ തൊഴില്‍ ആവശ്യങ്ങള്‍ക്കോ പ്രൊഫഷണല്‍ ലൈസന്‍സ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് യുഎഇയില്‍ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയില്‍ പ്രൊഫഷണല്‍ ലൈസന്‍സ് നേടാനോ ഇനി സാധിക്കില്ലെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. യുഎഇയില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്ന സ്ഥാപനത്തിന്റെ അംഗീകാരം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഏതെങ്കിലും വിദേശ സ്ഥാപനത്തില്‍ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യുഎഇ മന്ത്രാലയത്തിന്റെ ലൈസന്‍സും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. അതിനിടെ മിഡ് ഏഷ്യന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക്, വ്യക്തിഗത കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാനും മന്ത്രാലയം അവസരം നല്‍കിയിട്ടുണ്ട്. സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകള്‍ തിരഞ്ഞെടുക്കാന്‍ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: UAE Ministry declares Midocean University graduates ineligible for jobs