

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകി പൊലീസ്. ചലച്ചിത്ര പ്രവർത്തക പരാതി നൽകിയിരുന്നോയെന്ന ചോദ്യമാണ് പൊലീസ് ഉയർത്തുന്നത്. പരാതിയിൽ നടപടിയെടുത്തോ എന്ന് അറിയിക്കണമെന്നും ഇല്ലെങ്കിൽ കാരണം വിശദീകരിക്കണമെന്നും നിർദ്ദേശമുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ നൽകണമെന്നും നിർദ്ദേശമുണ്ട്.
തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും. ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി ടി കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്. ഹോട്ടലിലുണ്ടായിരുന്ന അംഗങ്ങളുടെ മൊഴിയെടുക്കാനുമാണ് തീരുമാനം. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് നോട്ടീസ് നൽകിയത്.
ഇങ്ങനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു. സിനിമാ സ്ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പരാതിയിൽ അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകിയത്.
സംഭവത്തിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ലൈംഗികാതിക്രമ കേസില്‍ കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും തെളിവായുണ്ടെന്നും പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സംഭവസമയത്ത് കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന പേരില്‍ തലസ്ഥാനത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി.
ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. ആരോപണം നിഷേധിച്ച് പി ടി കുഞ്ഞുമുഹമ്മദ് രംഗത്തെത്തിയിരുന്നു. ആരോടും താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞത്. മാപ്പുപറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight : Sexual assault case against PT Kunjumuhammed; Police serve notice to Chalachitra Academy