

ഒമാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷത്തെ ആദ്യ 10 മാസത്തിനടയില്‍ 3.4 ദശലക്ഷം സഞ്ചാരികളാണ് രാജ്യത്ത് എത്തിയത്. ശൈത്യകാലം ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഒമാന്‍ ദേശീയ സ്ഥിതി വിവര കേന്ദ്രമാണ് വിനോദ സഞ്ചാരികളുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ഒമാനില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 9,33,415 എമിറാത്തികളാണ് ഈ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചത്. 5,34,612 ഇന്ത്യക്കാരും 105,342 യെമനികളും ഇക്കാലയളവില്‍ ഒമാനിലെ വിനോദ സഞ്ചാര മേഖലയിലെത്തി. 104,895 സൗദി പൗരന്‍മാരും 83,122 ജര്‍മന്‍ സ്വദേശികളും ഈ വര്‍ഷം സുല്‍ത്താനേറ്റ് സന്ദര്‍ശിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
അറബ് പൗരന്മാര്‍ക്ക് പുറമെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലുള്ള സഞ്ചാരികളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ 53.6 ശതമാനം സഞ്ചാരികളാണ് താമസിച്ചത്. 1,895,159 അതിഥികള്‍ 2,892,481 രാത്രികള്‍ രാജ്യത്ത് ചെലവഴിച്ചു. സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് രാജ്യത്തെ ടൂറിസം മേഖലയിലും വലിയ വലിയ പുരോഗതിക്ക് കാരണമായി.
ഒമാനിലെ ഹോട്ടലുകളില്‍ 11,022ല്‍ അധികം ആളുകളാണ് ഇക്കാലയളവില്‍ ജോലി ചെയ്തത്. അതില്‍ 3,683 ഒമാനികളും ഉള്‍പ്പെടുന്നു. മസ്‌കത്തിലെ ഹോട്ടലുകളില്‍ 70.2 ശതമാനവും ദോഫാറില്‍ 40.2 ശതമാനവും വടക്കന്‍ ശര്‍ഖിയയില്‍ 82.8 ശതമാനവും വടക്കന്‍ ബാത്തിനയില്‍ 73.2 ശതമാനവുമായിരുന്നു താമസക്കാരുടെ എണ്ണം. കഴിഞ്ഞ 10 മാസത്തിനിടെ ഒമാനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായതായും ദേശീയ സ്ഥിതി വിവര കേന്ദ്രമത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlights: Oman sees a surge in international tourist arrivals