

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിൽ 19 സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ഐഎഫ്എഫ്‌കെയുടെ 29 എഡിഷനുകളിലും ഇല്ലാത്ത വിഷയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും അടുത്ത തവണ മേളതന്നെ നടക്കുമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
187 സിനിമകളുടെ ലിസ്റ്റാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കൊടുത്തത്. ആദ്യം തന്നെ എല്ലാ സിനിമകളുടെയും അനുമതി നിഷേധിച്ചു. പിന്നീട് സിനിമയുടെ ആവശ്യകത വിശദീകരിച്ച് മറുപടി നൽകിയപ്പോൾ 154 സിനിമയ്ക്ക് അനുമതി തന്നു. വീണ്ടും വിശദമായ മറുപടി നൽകിയപ്പോഴാണ് 14 സിനിമയ്ക്ക് കൂടി അനുമതി നൽകിയത്. ഇനി 19 സിനിമയ്ക്കാണ് അനുമതി നൽകേണ്ടത്. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് സിനിമകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.
സെൻസർ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഐഎഫ്എഫ്‌കെയിൽ പലസ്തീൻ പ്രമേയമായ ചിത്രങ്ങളടക്കം 19 സിനിമകളുടെ പ്രദർശനത്തിന് അനുമതി നിഷേധിച്ചത്. പലസ്തീൻ വിഷയത്തിന് പുറമെ കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. ഇതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. പലസ്തീൻ സിനിമകൾ കാണാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. ആരെയാണ് ഇവർ ഭയപ്പെടുന്നത്. പലസ്തീൻ സിനിമകൾ ലോക ക്ലാസിക്കുകളാണ്. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും ഇനി രാജ്യാന്തര ചലച്ചിത്ര മേള കാണാൻ വരുമോ?. അടുത്ത തവണ മേള നടക്കുമോ എന്നു തന്നെ ആശങ്കയാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയം ഇതിൽ ഇടപെടണമെന്നും സജി ചെറിയാൻ പറഞ്ഞു.
സാധാരണ നടപടിക്രമങ്ങൾ തന്നെയാണ് ഇത്തവണയും പാലിച്ചത്. ഒരു അപേക്ഷയും വൈകിയിട്ടില്ല. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതെല്ലാം. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണിത്. ഒരു വർഷത്തെ പ്രയത്‌നമാണ് ഈ മേള. പേരുകളോട് പോലും അസഹിഷ്ണുതയാണ്. വളർന്നുവരുന്ന വർഗീയതയുടെയും ഫാസിസ്റ്റ് മനോഭാവത്തിന്റെയും പ്രകടമായ ഉദാഹരണമാണിതെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരസഭയിൽ ഒരു സീറ്റിന്റെ വ്യത്യാസമേയുള്ളൂവെന്ന് പറഞ്ഞ സജി ചെറിയാൻ, കായംകുളത്ത് ഉണ്ടായ തിരിച്ചടി പരിശോധിക്കുമെന്ന് വ്യക്തമാക്കി. കുട്ടനാട്ടിൽ എൽഡിഎഫിന് അകത്തുണ്ടായ പ്രശ്‌നങ്ങൾ ബാധിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മന്ത്രിയുടെ വാർഡ് തോൽക്കണം എന്ന ഉദ്ദേശത്തോടെ ബിജെപിയും യുഡിഎഫും കൈ കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ സമുദായ നേതാക്കളുമായി എൽഡിഎഫിന് നല്ല മാനസിക ബന്ധമാണുള്ളതെന്നും വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറിയതിൽ എന്താണ് തെറ്റെന്നും സജി ചെറിയാൻ ചോദിച്ചു. മാധ്യമങ്ങൾ എന്തിനാണ് വേറെ രീതിക്ക് ഇതിനെ വളച്ചൊടിക്കുന്നത്. മുഖ്യമന്ത്രിയുടെ മതനിരപേക്ഷ ബോധം അറിയില്ലേ. മതനേതാക്കൾ പലരും മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറാറില്ലേയെന്നും സജി ചെറിയാൻ ചോദിച്ചു.
Content Highlights: IFFK 19 movies ban for screening; minister Saji cherian reaction