

ഏറ്റവും കൂടുതല്‍ പേർ ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളാണ് ചിക്കന്‍ കൊണ്ട് തയ്യാറാക്കുന്നത്. ചുവന്ന മാംസത്തേക്കാള്‍ ദഹിക്കാന്‍ എളുപ്പമുളളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇറച്ചിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ പലരും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ കോഴിയിറച്ചി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കോഴിയിറച്ചിയുടെ കാര്യത്തില്‍ ഇനി ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പിയര്‍-റിവ്യൂഡ് പഠനത്തിലാണ് ദീര്‍ഘകാല ചിക്കന്‍ ഉപയോഗം ഗ്യാസ്ട്രിക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗ്യാസ്‌ട്രോഇന്റെസ്റ്റെനല്‍ കാന്‍സറുകള്‍ മൂലമുളള മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയത്.

ദിവസേനെ കട്ടിയയുള്ളതും എണ്ണമയമുളളതും എരിവുളളതുമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ആമാശത്തിന് നേരിയ വീക്കം ഉണ്ടായേക്കാം. ഇത് പെട്ടെന്ന് കുഴപ്പങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആമാശയത്തിലെ സംരക്ഷണ കലകള്‍ ദുര്‍ബലപ്പെട്ടുതുടങ്ങും. കോഴിയിറച്ചി കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നാരുകളുടെ കുറവ് ഉണ്ടാകുന്നു.അതേസമയം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അവ ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും ആമാശയ പാളിക്ക് സമ്മര്‍ദ്ദമുണ്ടാക്കാതിരിക്കുകയും ചെയ്യും.
കോഴിയിറച്ചി പ്രോട്ടീന്‍ സ്രോതസാണെങ്കിലും അത് പാചകം ചെയ്യുന്നരീതി വളരെ പ്രധാനപ്പെട്ടതാണ്. ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യുന്നത്, പ്രത്യേകിച്ച് വറുത്തതും പൊരിച്ചതും ആകുമ്പോള്‍ അവയില്‍ ഹൈറ്ററോസൈക്ലിക് അമിനുകള്‍ പോലുള്ള സംയുക്തങ്ങള്‍ ഉണ്ടാകുന്നു. ഇവ കോശങ്ങളെ നശിപ്പിക്കുന്നു. എന്നാല്‍ ചിക്കന്‍ വേവിച്ചോ വേവിച്ച പച്ചക്കറികള്‍ക്കൊപ്പം കഴിക്കുന്നതോ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.

സംസ്‌കരിച്ച ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ അതായത് നഗറ്റുകള്‍, സോസേജുകള്‍, ഫ്രോസണ്‍ ചെയ്ത വറുത്ത ഇറച്ചി എന്നിവയില്‍ നൈട്രേറ്റുകള്‍, പ്രിസര്‍വേറ്റീവുകള്‍ ഇയൊക്കെ അടങ്ങിയിട്ടുണ്ട്. ഇവ ആമാശയ പാളിയെ പ്രകോപിപ്പിക്കുന്നു. ഏത് സംസ്‌കരിച്ച മാംസമായാലും അത് ഗ്യാസ്‌ട്രോഇന്റസ്‌റ്റെനല്‍ കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പഠനത്തില്‍ ഇതേ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ട്.
ദിവസവും ചിക്കന്‍ കഴിക്കുന്നത് നേരിട്ട് ഗ്യാസ്ട്രിക് കാന്‍സറിന് കാരണമാകുന്നില്ല. അനാരോഗ്യകരമായ പാചകരീതികള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതൊക്കെയാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.

എല്ലാ ദിവസവും കോഴി ഇറച്ചിയെ ആശ്രയിക്കുന്നതിന് പകരം മറ്റ് പ്രോട്ടീന്‍ സ്രോതസുകള്‍ കൂടി കഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ബീന്‍സ്, പയർ വര്‍ഗ്ഗങ്ങള്‍, മത്സ്യം, മുട്ട, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. വറുത്തതും പൊരിച്ചതും സംസ്‌കരിച്ചതുമായ ചിക്കന്റെ ഉപയോഗം വല്ലപ്പോഴുമാക്കി കുറയ്ക്കണം. ചിക്കന്‍ എപ്പോഴും കുറഞ്ഞ താപനിലയില്‍ പാചകം ചെയ്യുക. ഭക്ഷണം കഴിക്കുമ്പോള്‍ പാത്രത്തിന്റെ പകുതി ഭാഗം പച്ചക്കറികള്‍കൊണ്ട് നിറയ്ക്കാന്‍ ശ്രദ്ധിക്കുക.
Content Highlights :Study suggests chicken may increase risk of gastric cancer