
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ പരാജയം വഴങ്ങിയതിന് ശേഷം നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്കെതിരെ ആരാധകർ കടുത്ത രോഷം പ്രകടിപ്പിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പരമ്പര 3-0 ന് തോറ്റ ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ബംഗ്ലാദേശ് ദേശീയ ടീമംഗങ്ങളെ കൂക്കിവിളിച്ചും കാറുകളും മറ്റും ആക്രമിച്ചുമാണ് ആരാധകർ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ ആരാധക രോഷത്തിന് പിന്നാലെ ബംഗ്ലാദേശ് താരം മുഹമ്മദ് നയിം ഷെയ്ഖ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പാണ് ചർച്ച ചെയ്യപ്പെടുന്നത്. താരങ്ങളും മനുഷ്യരാണെന്നും തങ്ങൾക്കും തെറ്റുപറ്റാമെന്നും നയിം സോഷ്യൽ മീഡിയയിൽ കുറിച്ചു.
മുഹമ്മദ് നയിമിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം:
‘‘കളിക്കളത്തിലിറങ്ങുമ്പോൾ ഞങ്ങൾ കളിക്കുക മാത്രമല്ല ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ പേര് നെഞ്ചിൽ വഹിക്കുകയും ചെയ്യുന്നുണ്ട്. ചുവപ്പും പച്ചയും നിറമുള്ള ആ പതാക ഞങ്ങളുടെ ശരീരത്തിൽ മാത്രമല്ല, ഞങ്ങളുടെ രക്തത്തിലുമുണ്ട്. ഓരോ പന്തിലും ഓരോ റൺസിലും എന്തിന് ഓരോ ശ്വാസത്തിൽ പോലും ആ പതാകയെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
‘‘ചിലപ്പോൾ നമ്മൾ വിജയിക്കും, ചിലപ്പോൾ വിജയിക്കില്ല. വിജയവും തോൽവിയും മാറിമാറിവരും. അതാണ് സ്പോർട്സിന്റെ യാഥാർഥ്യവും. പരാജയം നിങ്ങളെ വേദനിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നറിയാം. കാരണം നിങ്ങളും ഞങ്ങളെപ്പോലെ തന്നെ ഈ രാജ്യത്തെ സ്നേഹിക്കുന്നവരാണ്.
എന്നാൽ ഇന്ന് ഞങ്ങൾക്ക് നേരെയുണ്ടായ വെറുപ്പും ഞങ്ങളുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണവും ശരിക്കും വേദനിപ്പിക്കുന്നതാണ്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും തെറ്റുകൾ സംഭവിക്കാറുണ്ട്. പക്ഷേ നമ്മുടെ രാജ്യത്തോടുള്ള സ്നേഹമോ രാജ്യത്തിന് വേണ്ടിയുള്ള പരിശ്രമമോ ഒരിക്കലും കുറയുന്നില്ല. ഓരോ നിമിഷവും രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി, നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്താനാണ് ഞങ്ങൾ ഓരോരുത്തരും ശ്രമിക്കുന്നത്.
നമുക്ക് വേണ്ടത് സ്നേഹമാണ്, വെറുപ്പല്ല. ദേഷ്യത്തോടുള്ള വിമർശനമല്ല, യുക്തിയോടെയുള്ള വിമർശനമാണ് വേണ്ടത്. കാരണം നമ്മളെല്ലാവരും ഒരേ പതാകയുടെ മക്കളാണ്. ജയിച്ചാലും തോറ്റാലും ആ ചുവപ്പും പച്ചയും പതാക എപ്പോഴും നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ ഉറവിടമാകട്ടെ. നമ്മൾ പോരാടും, വീണ്ടും ഉയിർത്തെഴുന്നേൽക്കും. ഈ രാജ്യത്തിന് വേണ്ടി, നിങ്ങൾക്ക് വേണ്ടി, ഈ പതാകയ്ക്ക് വേണ്ടി.
അതേസമയം ക്യാപ്റ്റൻ മെഹ്ദി ഹസൻ മിറാസിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയിരുന്നു. പരമ്പരയിലെ ഒന്നാമത്തെ മത്സരത്തിൽ അഞ്ച് വിക്കറ്റിനും തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ 81 റൺസിനും 200 റൺസിനുമാണ് ബംഗ്ലാദേശ് അടിയറവ് പറഞ്ഞത്. മെഹ്ദി ഹസന്റെ ക്യാപ്റ്റൻസിയിൽ ഏകദിന ഫോർമാറ്റിൽ പരിതാപകരമായ പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ആദ്യ പത്ത് മത്സരങ്ങളിൽ ഒമ്പതിലും തോറ്റു.
Content Highlights: Mohammad Naim Post About Bangladesh players greeted with hostile reception after Afghanistan whitewash