
കേരളത്തിൽ ചികിത്സയ്‌ക്കെത്തിയ കെനിയൻ മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ റെയ്‌ല ഒഡിംഗ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു. കൂത്താട്ടുകളും ശ്രീധരീയം ആയൂർവേദിക് ഐ ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയതായിരുന്നു എൺപതുകാരനായ റെയ്‌ല ഒഡിംഗ. നേരത്തെ ഒഡിംഗയുടെ മകൾ റോസ്മേരി ശ്രീധരീയത്തിൽ ചികിത്സയ്‌ക്കെത്തിയത് ചർച്ചയായിരുന്നു.
കെനിയൻ ജനാധിപത്യ പോരാട്ടത്തിൻ്റെ നേതാവ് എന്നറിയപ്പെടുന്ന റെയ്‌ല ഒഡിംഗയുടെ രാഷ്ട്രീയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. വർഷങ്ങളായി ഒഡിംഗ നടത്തിയ ജനാധിപത്യ പോരാട്ടങ്ങൾ കെനിയയിൽ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 1991-ൽ ബഹുകക്ഷി ജനാധിപത്യവും 2010-ൽ പുതിയ ഭരണഘടനയും കെനിയയിൽ നിലവിൽ വന്നത് റെയ്ല ഒഡിംഗ നടത്തിയ പോരാട്ടങ്ങളുടെ കൂടി ഫലമായിട്ടായിരുന്നു.
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ഒഡിംഗയുടെ ജനനം. കെനിയയുടെ ആദ്യ വൈസ് പ്രസിഡൻ്റ് ജറാമോഗി ഒജിംഗ ഒഡിംഗയാണ് റെയ്‌ല ഒഡിംഗയുടെ പിതാവ്. 1963ൽ കെനിയ സ്വാതന്ത്ര്യം പ്രാപിച്ചതിന് പിന്നാലെയാണ് ഒഡിംഗയുടെ പിതാവ് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. പിതാവിൻ്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയ ഒഡിംഗ പരിഷ്കരണവാദിയായ ജനകീയ നേതാവ് എന്ന പ്രതിച്ഛായ തൻ്റെ പൊതുപ്രവർത്തന കാലയളവിൽ സൃഷ്ടിച്ചിരുന്നു. അധികാരവുമായി അടുപ്പമുള്ള കുടുംബത്തിൽ നിന്നുള്ള അംഗമായിരുന്നെങ്കിലും രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം തീവ്രമായ ഭരണകൂട വിരുദ്ധ നിലപാടുകൾ സ്വീകരിച്ച നേതാവായിരുന്നു ഒഡിംഗ.
ലുവോ ഗോത്രത്തിൽപ്പെട്ട ഒഡിംഗ രാഷ്ട്രീയ ജീവിതത്തിൻ്റെ ആദ്യകാലങ്ങളിൽ തീപ്പൊരി ഇടതുപക്ഷക്കാരൻ എന്ന നിലയിൽ പ്രശസ്തനായിരുന്നു. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്ട്രോയുടെ ബഹുമാനാർത്ഥം തൻ്റെ മകന് ഫിഡൽ എന്നായിരുന്നു ഒഡിംഗ പേര് നൽകിയത്. ഭരണകൂട വിരുദ്ധ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി വർഷങ്ങളോളം ജയിലിൽ വാസത്തിനും നാടുകടത്തലിനും വിധേയനായിരുന്നു ഒഡിംഗ. പ്രസിഡന്റായിരുന്നു ഡാനിയേൽ അരപ് മോയിക്കെതിരായ അട്ടിമറി ശ്രമത്തെത്തുടർന്ന് 1982ലാണ് ഒഡിംഗ ആദ്യമായി ജയിലിൽ അടയ്ക്കപ്പെട്ടത്.
അഞ്ച് തവണ കെനിയൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും ഒരിക്കൽ പോലും വിജയിക്കാൻ ഒഡിംഗയ്ക്ക് സാധിച്ചിരുന്നില്ല. 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിലായിരുന്നു ഒഡിംഗ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത്. 2007ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കെനിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രക്ഷുബ്ദമായ ഒരേടായാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങൾ അടക്കം ഉയർന്ന അന്ന് വംശീയ അതിക്രമത്തിൽ ആയിത്തിലധികം ആളുകൾ കെനിയയിൽ കൊല്ലപ്പെട്ടിരുന്നു. പ്രസിഡൻ്റായിരുന്ന മ്വായ് കിബാക്കിയോട് ഒഡിംഗ പരാജയപ്പെടുകയായിരുന്നു. 2017ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന നിലപാട് ഒഡിംഗ സ്വീകരിച്ചിരുന്നു.
അനുയായികൾ സ്നേഹപൂർവ്വം ബാബ എന്നായിരുന്നു റെയ്ല ഒഡിംഗയെ വിളിച്ചിരുന്നത്. മുൻ കെനിയൻ പ്രസിഡൻ്റ് ഡാനിയൽ അരപ് മോയിയുടെ കീഴിൽ ഉണ്ടായിരുന്ന ഏകകക്ഷി ഭരണം അവസാനിപ്പിക്കുന്നതിലും ബഹുകക്ഷി സംവിധാനം കൊണ്ടുവരുന്നതിലും നിർണ്ണായക പങ്കുവഹിച്ച നേതാവ് കൂടിയാണ് ഒഡിംഗ.
രാഷ്ട്രീയ നേട്ടത്തിനായി വംശീയ വിഭജനം ചൂഷണം ചെയ്തുവെന്നും തന്റെ രാഷ്ട്രീയ ശത്രുക്കളുമായി കരാറുകൾ ഉണ്ടാക്കിയെന്നുമുള്ള ആരോപണങ്ങൾ ഒഡിംഗയ്ക്കെതിരെയുണ്ട്. അപ്പോഴും അദ്ദേഹത്തിന്റെ ജനകീയതയ്ക്ക് കുറവുണ്ടായിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ കെനിയൻ പ്രസിഡൻ്റ് വില്യം റൂട്ടോയുമായി ഒഡിംഗ ഒരു കരാറിൽ ഒപ്പിട്ടിരുന്നു. അതിൻ്റെ ഭാഗമായി ഒഡിംഗയുമായി പാർട്ടിയായ അസിമിയോ ലാ ഉമോജ പാർട്ടി നിർണായക നയരൂപീകരണത്തിൽ പങ്കാളികളാകാനും മന്ത്രിസഭയിൽ അംഗങ്ങളാകാനും അവസരം ലഭിച്ചിരുന്നു.
Content Highlights: Kenya's Veteran Opposition Leader Raila Odinga dies