വിരമിക്കല്‍ സൂചനയോ? കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റുകള്‍ വെളിപ്പെടുത്തി സൂര്യകുമാര്‍

'ഈ വർഷവും അടുത്ത വർഷവും എന്റെ ശരീരം ഫിറ്റായി നിലനിർത്തേണ്ടതുണ്ട്'

വിരമിക്കല്‍ സൂചനയോ? കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റുകള്‍ വെളിപ്പെടുത്തി സൂര്യകുമാര്‍
dot image

അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2026ല്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുകയാണ് സൂര്യകുമാര്‍ യാദവ്. സൂര്യകുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യ അടുത്തിടെ 2025 ഏഷ്യാ കപ്പ് നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ 34 വയസ്സുള്ള ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ തന്റെ വിരമിക്കലിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ മുന്നില്‍ ഇനി അധികം വര്‍ഷങ്ങള്‍ ഇല്ലെന്നും കൂടിപ്പോയാല്‍ മൂന്നോ നാലോ വര്‍ഷം മാത്രമായിരിക്കും ദേശീയ ടീമില്‍ തുടരുകയെന്നും സൂര്യകുമാർ വ്യക്തമാക്കി. ന്യൂസ്24 ന് നല്‍കിയ ഒരു അഭിമുഖത്തില്‍ അടുത്ത കുറച്ച് വര്‍ഷത്തേക്ക് വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂര്യകുമാർ പറഞ്ഞു. മൂന്ന് വര്‍ഷം കൂടി ടൂര്‍ണമെന്റുകള്‍ കളിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്റെ കരിയറിലെ അവസാനത്തേതാവാൻ സാധ്യതയുള്ള ടൂർണമെന്റുകളെ കുറിച്ച് തുറന്നുപറയുകയും ചെയ്തു.

"ഇപ്പോൾ എനിക്ക് ഏകദേശം 34 അല്ലെങ്കിൽ 35 വയസ്സായി. അടുത്ത മൂന്ന് നാല് വർഷത്തേക്ക് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കരുതുന്നത്. അതായിരിക്കും എനിക്കും ടീമിനും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ കൂടുതൽ ഫലപ്രദമായ സംഭാവനകൾ നൽകാൻ എനിക്ക് കഴിയും. 2028 ഒളിമ്പിക്സും ടി20 ലോകകപ്പുമായിരിക്കാം എന്റെ കരിയറിലെ അവസാന മത്സരങ്ങൾ. കാര്യങ്ങൾ എങ്ങനെയെല്ലാം പോകുമെന്ന് ഞാൻ നോക്കും. ഈ വർഷവും അടുത്ത വർഷവും എന്റെ ശരീരം ഫിറ്റായി നിലനിർത്തേണ്ടതുണ്ട്. നിങ്ങൾക്ക് 37 അല്ലെങ്കിൽ 38 വയസ്സ് എത്തുമ്പോൾ നിങ്ങൾക്കത് മനസിലാകും", സൂര്യകുമാർ യാദവ് പറഞ്ഞു.

ക്രിക്കറ്റ് താരം ആയിരുന്നില്ലെങ്കിൽ തീര്‍ച്ചയായും ബിസിനസുകാരനാകുമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഭാര്യ ബിസിനസ്സ് പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണ്. "ബിസിനസിനെ കുറിച്ച് എനിക്കും അവബോധമുണ്ട്. ഭാര്യ ബിസിനസ് കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. അതുകൊണ്ട് അവരുമായി സംസാരിക്കുമ്പോള്‍ അതെല്ലാം ഞാന്‍ തിരിച്ചറിയുന്നു. എന്റെ പണം ഇരട്ടിയാക്കാനോ മൂന്നിരട്ടിയാക്കാനോ നാലിരട്ടിയാക്കാനോ കഴിയുമായിരുന്നുവെന്ന് എനിക്ക് മനസ്സിലായി", സൂര്യ കൂട്ടിച്ചേര്‍ത്തു.

Content Highlights: Suryakumar Yadav Drops Big Retirement Hint

dot image
To advertise here,contact us
dot image