
ഇന്ത്യൻ താരങ്ങൾക്ക് വിദേശ ടി20 ലീഗുകളിൽ കളിക്കാൻ അനുമതി നൽകണമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. അന്താരാഷ്ട്ര താരങ്ങളോടൊപ്പം കളിക്കുന്നത് ഐപിഎല്ലിലേതുപോലെ തന്നെ ഇന്ത്യയിലെ യുവ താരങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് രവി ശാസ്ത്രി പറയുന്നത്. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് എല്ലാവർക്കും ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"ടെസ്റ്റ് ടീമിലേക്ക് എത്താൻ കഴിയാത്ത അല്ലെങ്കിൽ ലെവൽ സി അല്ലെങ്കിൽ ഡി കരാർ മാത്രമുള്ള ഒരു താരത്തെ ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിൽ നിന്ന് എന്തിനാണ് തടയുന്നത്?", ശാസ്ത്രി ചോദിച്ചു.
"എല്ലാ അർത്ഥത്തിലും ഇതൊരു വിദ്യാഭ്യാസമാണ്. വ്യത്യസ്ത പരിശീലന രീതികൾ പഠിക്കാനും പുതിയ സംസ്കാരങ്ങൾ മനസ്സിലാക്കാനും താരങ്ങളെ വളരെ സഹായിക്കും. ആഭ്യന്തര ക്രിക്കറ്റിലേക്കോ ഐപിഎൽ ക്രിക്കറ്റിലേക്കോ തിരിച്ചുവരുമ്പോൾ ഏറെ ഉപകാരപ്രദമാവുന്ന സാങ്കേതിക വിദ്യകൾ പഠിക്കാനും നിങ്ങൾക്ക് കഴിയും. ഇതുപോലുള്ള എക്സ്പോഷർ ഒരു കളിക്കാരന്റെ വികസനത്തിന് സഹായകരമാണ്", ശാസ്ത്രി കൂട്ടിച്ചേർത്തു.
LiSTNR സ്‌പോര്‍ട്‌സ് പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു രവി ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. നിലവിൽ വിരമിക്കൽ പ്രഖ്യാപിച്ച താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാനുള്ള അനുമതിയുള്ളത്. അടുത്തിടെ ഐപിഎല്ലിൽ നിന്നും വിരമിച്ച സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ബിഗ്‌ബാഷ് ലീഗിൽ കരാറൊപ്പിട്ടിരുന്നു.
Content Highlights: Ravi Shastri has urged the BCCI to allow Indian players to feature in overseas T20 leagues