തൂക്കുകയറിന് പകരം വിഷംകുത്തിവച്ചുള്ള മരണം: എതിർത്ത് കേന്ദ്രം; കാലത്തിനൊത്ത് മാറികൂടേയെന്ന് സുപ്രീം കോടതി

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറാൻ കേന്ദ്രം തയ്യാറാവുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

തൂക്കുകയറിന് പകരം വിഷംകുത്തിവച്ചുള്ള മരണം: എതിർത്ത് കേന്ദ്രം; കാലത്തിനൊത്ത് മാറികൂടേയെന്ന് സുപ്രീം കോടതി
dot image

തൂക്കുകയര്‍ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പരമോന്നത നീതിപീഠം. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികൾക്ക് വിഷം കുത്തിവച്ച് മരിക്കാനുള്ള സാധ്യത തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരമൊരു നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികൂലമായ പ്രതികരണമുണ്ടായതിനെ തുടർന്ന്, കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറാൻ കേന്ദ്രം തയ്യാറാവുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തൂക്കുകയർ എന്ന രീതി ഇല്ലാതാക്കുക അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് തൂക്ക് കയർ അല്ലെങ്കിൽ വിഷം കുത്തിവച്ചുള്ള മരണം എന്നതിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുക എന്ന ആവശ്യമാണ് ഹർജിക്കാരന്‍ ഉയർത്തിയത്. എന്നാൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഓപ്ഷനുകൾ നൽകുക എന്നത് സാധ്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

'പ്രശ്‌നം എന്താണെന്ന് വച്ചാൽ സർക്കാർ മാറ്റത്തിന് തയ്യാറല്ല.. ഇത് വളരെ പ്രാചീനമായ രീതിയാണ്.. കാലത്തിന് അനുസരിച്ച് കാര്യങ്ങൾ ഒരുപാട് മാറിയിരിക്കുന്നു.' എന്നായിരുന്നു കേന്ദ്രത്തിനെതിരെയുള്ള കോടതി പരാമർശം. ശിക്ഷിക്കപ്പെട്ടവർക്ക് ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്താൻ അനുവാദം നൽകുന്നത് നയപരമായ തീരുമാനവുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷക സോണിയ മാധുർ വാദിച്ചു. തുടർന്ന് ഹർജിയിലെ വാദം അടുത്തമാസം 11ലേക്ക് മാറ്റിവച്ചു.

തൂക്കുകയർ ലഭിക്കുന്നവരുടെ വധശിക്ഷ നടപ്പാക്കുമ്പോള്‍ അവർ അനുഭവിക്കേണ്ടി വരുന്നത് നീണ്ടുനിൽക്കുന്ന വേദനയാണ്. അതിനാൽ ഈ രീതിക്ക് പകരം ലീതൽ ഇൻജക്ഷൻ, ഷൂട്ടിങ്, ഇലക്ട്രോക്യൂഷൻ, ഗ്യാസ് ചേമ്പർ എന്നീ രീതികള്‍ അവലംബിക്കാം. ഇത്തരം രീതികളിൽ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുമെന്നും ഹർജിയിൽ പറയുന്നു.

അതേസമയം അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിൽ 49ലും ഇതേമാറ്റമാണ് കൊണ്ടുവന്നതെന്നും ശിക്ഷിക്കപ്പെട്ടയാൾക്ക് മരിക്കാനുള്ള രീതി തിരഞ്ഞെടുക്കാനുള്ള അവകാശം നൽകിയാൽ, വിഷം കുത്തിവച്ചുള്ള മരണം പെട്ടെന്ന് സംഭവിക്കുമെന്ന് ഹർജിക്കാരന്‍ വാദിക്കുന്നു. ഈ രീതി മനുഷ്യത്വമുള്ളതും മാന്യവുമായിരിക്കുമെന്നും എന്നാൽ തൂക്കിലേറ്റുന്നത് ക്രൂരവും പ്രാകൃതവുമാണെന്നും നാൽപത് മിനിറ്റോളം മൃതശരീരം കയറിൽ തൂങ്ങികിടക്കുന്ന അവസ്ഥയുണ്ടെന്നും ഇന്നത്തെ വാദത്തിനിടയിൽ ഹർജിക്കാരനായ അഭിഭാഷകൻ ഋഷി മൽഹോത്ര ചൂണ്ടിക്കാട്ടി.
Content Highlights: Hearing on having choice for death row convicts in Supreme Court

dot image
To advertise here,contact us
dot image