
മാഡ്രിഡ്: വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 6.15 കോടി വിലമതിക്കുന്ന ചിത്രം നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാഡ്രിഡിൽ നിന്ന് തെക്കൻ നഗരമായ ഗ്രാനഡയിലെ ചിത്രപ്രദർശനത്തിന് പോകുന്നതിനിടെയാണ് ക്യാൻവാസിൽ എണ്ണച്ചായത്തിൽ വരച്ച 'സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ' എന്ന ചിത്രം നഷ്ടപ്പെട്ടത്.
കാജഗ്രാനഡ ഫൗണ്ടേഷൻ സംഘടിപ്പിച്ച "സ്റ്റിൽ ലൈഫ്, ദി എറ്റേണിറ്റി ഓഫ് ദി ഇന്നർട്ട്" എന്ന പ്രദർശനത്തിനായി ഉൾപ്പെടുത്തിയിരുന്ന 57 കലാസൃഷ്ടികളുടെ ഭാഗമായിരുന്നു ഈ പെയിന്റിംഗ്. ഈ ശേഖരം സെപ്റ്റംബർ 25 ന് മാഡ്രിഡിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് ഗ്രാനഡയിലേക്ക് മാറ്റി. എന്നാൽ കലാസൃഷ്ടികൾക്കൊപ്പം പിക്കാസോ ചിത്രം എത്തിയിട്ടില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് ഫൗണ്ടേഷൻ ഒക്ടോബർ 10 ന് പൊലീസിൽ പരാതി നൽകി.
കാജ ഗ്രാനഡ കൾച്ചറൽ സെന്ററിൽ നിശ്ചയിച്ച പ്രകാരം പ്രദർശനം നടന്നെങ്കിലും പിക്കാസോയുടെ പ്രധാന കലാസൃഷ്ടി ഇല്ലാത്തതിനാൽ സംഘാടകരും വിഷമത്തിലായി. പ്രദർശനത്തിലെ എല്ലാ സൃഷ്ടികളും സ്വകാര്യ ശേഖരങ്ങളിൽ നിന്നുള്ളതാണെന്നും ഫൗണ്ടേഷൻ അറിയിച്ചു.
പിക്കാസോയുടെ ചിത്രങ്ങൾക്ക് പ്രശസ്തിയും ഉയർന്ന വിപണി മൂല്യവും ഉള്ളതിനാൽ തന്നെ അവ പലപ്പോഴും മോഷ്ടിക്കപ്പെടാറുണ്ട്. രണ്ട് ചിത്രങ്ങൾക്ക് അടുത്തിടെ നടന്ന ലേലങ്ങളിൽ 140 മില്യൺ ഡോളറിലധികം വില ലഭിച്ചിരുന്നു.1976-ൽ ഫ്രാൻസിലെ പാലൈസ് ഡെസ് പേപ്പസ് മ്യൂസിയത്തിൽ നിന്ന് 100-ലധികം പിക്കാസോ പെയിന്റിംഗുകൾ മോഷ്ടിക്കപ്പെട്ടിരുന്നു. പിന്നീട് ഇവയെല്ലാം കണ്ടെത്തുകയും ചെയ്തിരുന്നു. ചിത്രം കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
Content Highlights: Spanish Police Probe Disappearance Of Rs 6 Crore Picasso Painting