
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ പിടിയിലായ പ്രതി ചൈതന്യാനന്ദ സരസ്വതി 15 ഹോട്ടലുകളിലായി ഒളിവില്‍ കഴിഞ്ഞിരുന്നുവെന്ന് പൊലീസ്. പൊലീസ് പിടിക്കാതിരിക്കാനായി ഇയാള്‍ സിസിടിവി പോലുമില്ലാത്ത വളരെ ചിലവ് കുറഞ്ഞ ഹോട്ടലുകളായിരുന്നു താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്നത്. ഒളിവില്‍ കഴിയാനായി ചൈതന്യാനന്ദയെ സഹായിച്ച ആളുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ഒളിവില്‍ കഴിയവെ ഞായറാഴ്ച്ച ആഗ്രയില്‍ നിന്ന് അറസ്റ്റിലായ 62-കാരനായ ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥിസാരഥി നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം, കസ്റ്റഡിയിലിരിക്കുന്ന ചൈതന്യാനാന്ദ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മതിയായ ഉത്തരം നല്‍കുന്നില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. തനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന വാദത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഇയാള്‍. തന്റെ ഡിജിറ്റല്‍ ഉപകരണങ്ങളുടേതും ഫോണിന്റേതുമടക്കം പാസ് വേര്‍ഡ് മറന്നു എന്നാണ് ചൈതന്യാനന്ദ പൊലീസിനോട് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ മൂന്ന് ഫോണുകളും ഐപാഡും ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഡോ. പാര്‍ത്ഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇദ്ദേഹം രാത്രി വൈകിയും പെണ്‍കുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളില്‍ കൂടെവരാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലില്‍ ആരും കാണാതെ കാമറകള്‍ സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ.
ഇയാള്‍ക്കെതിരെ മുമ്പും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2009-ല്‍ ഡിഫന്‍സ് കോളനിയില്‍ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട്, 2016-ല്‍ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകള്‍ പുനഃപരിശോധിക്കുന്നുണ്ട്.
നിലവിലെ കേസില്‍, പരാതിക്കാരെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎം) വിദ്യാര്‍ത്ഥികളാണ്. പൊലീസ് നിരവധി വിദ്യാര്‍ത്ഥിനികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റില്‍ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോള്‍വോ കാര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളില്‍ നിന്ന് പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു.
Content Highlight; Chaitanyananda Saraswati stayed in hotels without CCTV before being caught by police