
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ വീഴ്ത്തി കിരീടം ചൂടിയതിന് പിന്നാലെ വ്യത്യസ്തമായ ആഘോഷവുമായി ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവര്‍ത്തി. ഹോട്ടലിലെ കിടക്കയില്‍ കാപ്പിക്കപ്പിനൊപ്പം കിടന്നുള്ള സെല്‍ഫിയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. സാങ്കല്‍പ്പിക ട്രോഫിയുമായി ഇന്ത്യ നടത്തിയ വിജയാഘോഷത്തിന്‍റെ ചിത്രങ്ങളും വരുൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാകിസ്താനെതിരായ വിജയത്തിന് പിന്നാലെ ഏഷ്യാ കപ്പ് ട്രോഫിയുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി ഹോട്ടൽ മുറിയിലേക്ക് പോയതിനെയാണ് വരുൺ ഏറെ രസകരമായി ട്രോൾ ചെയ്തത്. ’ഒരു വശത്ത് ലോകം മുഴുവൻ, മറുവശത്ത് എന്റെ ഇന്ത്യ. ജയ് ഹിന്ദ്..’, എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മന്‍ ഗില്‍, അഭിഷേക് എന്നിവരും സാങ്കല്‍പ്പിക ട്രോഫിയുമായുള്ള ചിത്രം പങ്കുവച്ചു.
" Akkha duniya ek taraf, aur mere india ek taraf " 🇮🇳🙂
— Varun Chakaravarthy🇮🇳 (@chakaravarthy29) September 29, 2025
Jai hind !!! 🇮🇳 pic.twitter.com/FmjhkPMUaf
ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് ഒരുപാട് വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്.
ഇന്ത്യൻ താരങ്ങൾക്ക് മെഡലും ട്രോഫിയും നൽകാൻ സംഘാടകരും ശ്രമം നടത്തിയില്ല. ട്രോഫി കൊണ്ട് നഖ്‌വി തന്റെ മുറിയിലേക്ക് ഓടിപോയെന്നും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം ഈ ചെയ്തത് മോശമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ അഭിപ്രായപ്പെട്ടു.
Content Highlights: Asia Cup: Varun Chakaravarthy's Cup Post Mocking Pakistan Minister Viral Amid Trophy Row