ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ

കാനഡയില്‍ അക്രമത്തിനും ഭീകരപ്രവര്‍ത്തനത്തിനും സ്ഥാനമില്ലെന്നും കനേഡിയന്‍ സര്‍ക്കാര്‍ പറഞ്ഞു

ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ
dot image

ഒട്ടാവ: കൊലപാതകം, ആയുധ-മയക്കുമരുന്ന് കടത്ത്, കൊളള തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിമുതല്‍ കാനഡയിലെ ബിഷ്‌ണോയ് സംഘത്തിന്റെ വാഹനങ്ങളും വീടും പണവുമുള്‍പ്പെടെയുളള സ്വത്തുക്കള്‍ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ സര്‍ക്കാരിന് അധികാരം ലഭിക്കും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് സംഘാംഗങ്ങളെ വിചാരണ ചെയ്യാനുളള അധികാരവും ലഭിക്കും. ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ അംഗങ്ങളെന്ന് സംശയിക്കുന്നവര്‍ കാനഡയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും അധികാരം ലഭിക്കും.

'കാനഡയില്‍ അക്രമത്തിനും ഭീകരപ്രവര്‍ത്തനത്തിനും സ്ഥാനമില്ല. പ്രത്യേകിച്ചും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ച് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്ക്': കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇനിമുതല്‍ കനേഡിയന്‍ നിയമപ്രകാരം, കനേഡിയന്‍ പൗരന്മാര്‍ ബിഷ്‌ണോയ് സംഘവുമായി ഇടപാടുകള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. അവര്‍ക്ക് വീടുകള്‍, സ്വത്ത്, വാഹനങ്ങള്‍ തുടങ്ങിയവ നേരിട്ടോ അല്ലാതെയോ നല്‍കുന്നത് ക്രിമിനല്‍ കുറ്റമായിരിക്കും.

ഇന്ത്യാ-കാനഡ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കാനഡയുടെ ഈ നീക്കം പറയപ്പെടുന്നത്. ഗോള്‍ഡി ബ്രാര്‍ ഗുണ്ടാ സംഘത്തില്‍ നിന്നും വേര്‍പിരിഞ്ഞ ലോറന്‍സ് ബിഷ്‌ണോയ് സംഘം കാനഡ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകം, രജ്പുത് നേതാവ് സുഖ്‌ദേവ് ഗോഗമേടിയുടെ കൊലപാതകം, ബാബാ സിദ്ധിഖിയുടെ കൊലപാതകം, നടന്‍ സല്‍മാന്‍ ഖാനെതിരായ വധശ്രമങ്ങള്‍ തുടങ്ങി നിരവധി കൊലപാതകങ്ങള്‍ക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമാണെന്ന് കണ്ടെത്തിയിരുന്നു. 2023 ജൂണില്‍ കാനഡയിലെ ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് നിജ്ജറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു. നിജ്ജര്‍ കനേഡിയന്‍ പൗരനായിരുന്നു. ഇത് ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര ബന്ധം വഷളാവാന്‍ കാരണമായി. ഇന്ത്യന്‍ സര്‍ക്കാരിന് കൊലയില്‍ പങ്കുണ്ടെന്നായിരുന്നു കാനഡ അന്ന് ആരോപിച്ചത്. കാനഡ ഖലിസ്ഥാനികളെ സഹായിക്കുകയാണെന്നായിരുന്നു ഇതിന് ഇന്ത്യയുടെ മറുപടി.

Content Highlights: Canada declares Lawrence Bishnoi gang a terror group

dot image
To advertise here,contact us
dot image