'ചില താരങ്ങളോട് ക്യാപ്റ്റന് പ്രത്യേക ഇഷ്ടമുണ്ടാകും, പക്ഷേ അതിൽ കാര്യമില്ല': അമിത് മിശ്ര

'മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ടീമിന് പുറത്താകുന്നത് നിരാശജനകമാണ്.'

'ചില താരങ്ങളോട് ക്യാപ്റ്റന് പ്രത്യേക ഇഷ്ടമുണ്ടാകും, പക്ഷേ അതിൽ കാര്യമില്ല': അമിത് മിശ്ര
dot image

ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ തുറന്നുപറച്ചിലുമായി ഇന്ത്യൻ മുൻ താരം അമിത് മിശ്ര. ടീമിലെ ചില താരങ്ങളോട് ക്യാപ്റ്റന് പ്രത്യേക ഇഷ്ടമുണ്ടാകുമെന്നും അതിൽ കാര്യമൊന്നുമില്ലെന്നുമാണ് അമിത് മിശ്ര പറയുന്നത്. അവസരം ലഭിക്കുമ്പോൾ മികച്ച പ്രകടനത്തിനും അല്ലാത്തപ്പോൾ തെറ്റുകൾ തിരുത്തുവാനും ശ്രമിക്കണമെന്നുമാണ് മിശ്രയുടെ വാക്കുകൾ. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മുൻതാരം തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുന്നത്.

'ടീമിലെ ചില താരങ്ങളോട് ക്യാപ്റ്റന് കൂടുതൽ താൽപ്പര്യമുണ്ടായിരിക്കും. പക്ഷേ അതിന് വലിയ പ്രാധാന്യമില്ല. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം സ്വയം തെളിയിക്കുകയാണ് വേണ്ടത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു കളിക്കാരനെ ആളുകൾ ഇഷ്ടപ്പെടും. എന്നാൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ തുടങ്ങിയാൽ എല്ലാം മാറും.' മിശ്ര പറഞ്ഞു.

'മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ടീമിന് പുറത്താകുന്നത് നിരാശജനകമാണ്. ചിലപ്പോൾ നിങ്ങൾ ടീമിലുണ്ടാകും. ചിലപ്പോൾ പുറത്താകും. ടീമിന് പുറത്തിരുന്നപ്പോൾ പലപ്പോഴും എനിക്ക് നിരാശ തോന്നിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ അപ്പോൾ നാം ഒരു കാര്യം ഓർക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുക എന്നതാണ് നമ്മുടെ സ്വപ്നം. അവിടെയെത്താൻ ലക്ഷകണക്കിന് താരങ്ങൾ‌ കഠിനാദ്ധ്വാനം ചെയ്യുന്നു. ഇന്ത്യൻ ടീമിലെ 15 താരങ്ങളിൽ ഒരാളാകാൻ തനിക്ക് ഭാ​ഗ്യം ലഭിച്ചു. അതുകൊണ്ട് അതിനാൽ, ഞാൻ എപ്പോഴും പോസിറ്റീവായി തുടരാൻ ശ്രമിച്ചു.' മിശ്ര കൂട്ടിച്ചേർത്തു.

'എപ്പോഴൊക്കെ നിരാശ തോന്നിയിട്ടുണ്ടോ, അപ്പോഴൊക്കെ ഞാൻ എന്തൊക്കെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ചിന്തിച്ചു. അത് എന്റെ ഫിറ്റ്നസ്സോ, ബാറ്റിംഗോ, ബൗളിംഗോ ആകട്ടെ, ഞാൻ എപ്പോഴും മെച്ചപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എനിക്ക് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ നന്നായി കളിച്ചു. അതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. കഠിനാധ്വാനത്തിൽ നിന്ന് ഞാൻ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല.' മിശ്ര വ്യക്തമാക്കി.

ഇന്നലെയാണ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും അമിത് മിശ്ര വിരമിക്കൽ പ്രഖ്യാപിച്ചത്. 25 വർഷത്തോളം നീണ്ടുനിന്ന കരിയറിനാണ് മിശ്ര വിരാമം കുറിച്ചത്. അടുത്ത തലമുറക്ക് വഴിമാറികൊടുക്കാനുള്ള സമയമാണ് ഇതെന്ന് മിശ്ര പറഞ്ഞു. 'ക്രിക്കറ്റിലെ എന്റെ 25 വർഷം ഒരുപാട് ഓർമകൾ നൽകുന്നു. ബിസിസിഐയോടും അഡ്മിനിസ്‌ട്രേഷനോടും ഹരിയാന ക്രിക്കറ്റിനോടും സഹകളിക്കാരോടും കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. എണ്ണി തീർക്കാൻ സാധിക്കാത്ത ഓർമകളും പാഠങ്ങളുമാണ് ക്രിക്കറ്റ് എനിക്ക് നൽകിയത്. ഗ്രൗണ്ടിലെ ഓരോ ഓർമകളും ഞാൻ നിധി പോലെ കാത്തുസൂക്ഷിക്കും,' മിശ്ര വിരമിക്കൽ സ്‌റ്റേറ്റ്‌മെന്റിൽ കുറിച്ചു.

2003ൽ ബംഗ്ലാദേശിനെതിരെയാണ് മിശ്ര ഏകദിന അരങ്ങേറ്റം കുറിച്ചത്. 2008ൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറി. ഇന്ത്യക്കായി 22 ടെസ്റ്റിൽ നിന്നും 76 വിക്കറ്റും 36 ഏകദിനത്തിൽ നിന്നും 64 വിക്കറ്റും 10 ടി20 മത്സരത്തിൽ നിന്നും 16 വിക്കറ്റും മിശ്ര നേടിയിട്ടുണ്ട്.

ഐപിഎല്ലിൽ 162 മത്സരങ്ങളിൽ കളിച്ച മിശ്ര 174 വിക്കറ്റുകൾ സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ മൂന്ന് ഹാട്രിക്ക് നേടിയ ഏക ബൗളറും മിശ്രയാണ്.

Content Highlights: Amit Mishra open ups his views After Retiring From Cricket

dot image
To advertise here,contact us
dot image