
മുംബൈ: മുംബൈയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണിയെ തുടർന്ന് സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ച് മുംബൈ പൊലീസ്.ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലാണ് ഭീഷണി മുഴക്കിയതെന്നും സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു. 14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകൾ ഉള്ള 34 കാറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. ഇതിനായി 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അധികൃതർ വിഷയം അന്വേഷിച്ചുവരികയാണെന്നും സന്ദേശം അയച്ച വ്യക്തിക്കായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുംബൈയിലെ ട്രാഫിക് പൊലീസ് ഹെൽപ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
മുംബൈയിൽ 10 ദിവസത്തെ ഗണേശോത്സവം ആഘോഷിക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗണേശോത്സവത്തിൻ്റെ അവസാന ദിവസമായ ശനിയാഴ്ച നഗരത്തിലെ തെരുവുകളിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കിംവദന്തികൾ വിശ്വസിക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയില്‍പ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും മുംബൈ നിവാസികളോട് പൊലീസ് പറഞ്ഞു.
അനന്ത ചതുർദശി ദിനത്തിൻ്റെ ഭാഗമായി ക്രമസമാധാന പാലനത്തിനായും ഗതാഗത നിയന്ത്രണത്തിനും 21,000-ത്തിലധികം പൊലീസുകാരെ നഗരത്തിൽ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 12 അഡീഷണൽ പൊലീസ് കമ്മീഷണർമാർ, 40 ഡെപ്യൂട്ടി കമ്മീഷണർമാർ, 61 അസിസ്റ്റന്റ് കമ്മീഷണർമാർ, 3,000 ഉദ്യോഗസ്ഥർ, 18,000 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് വിന്യസിക്കുന്നത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ രൂപേഷ് മധുകർ റാൻപിസെ പാെലീസിൻ്റെ ഹെൽപ്പ് ലൈനിൽ വിളിച്ച് കൽവ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
ജൂലൈ അവസാന വാരത്തിലും ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടാകുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മൂന്ന് വ്യത്യസ്ത നമ്പറുകളിൽ നിന്നാണ് കോളുകൾ വന്നതെന്നും മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Content Highlight : Mumbai Police has increased security across the state following a suicide attack threat in Mumbai.