മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥയെ ശകാരിച്ച് അജിത് പവാർ; ഔദ്യോഗിക ഫോണിൽ വിളിക്കുവെന്ന് പറഞ്ഞതിന് പിന്നാലെ ഭീഷണി

തനിക്ക് ഫോണ്‍ വിളിക്കുന്ന ആളെ മനസിലായില്ലെന്നും ഔദ്യോഗിക ഫോണില്‍ വിളിക്കാനും ആവശ്യപ്പെടുന്ന മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയെ ദൃശ്യങ്ങളില്‍ കാണാം

മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥയെ ശകാരിച്ച് അജിത് പവാർ; ഔദ്യോഗിക ഫോണിൽ വിളിക്കുവെന്ന് പറഞ്ഞതിന് പിന്നാലെ ഭീഷണി
dot image

മുംബൈ: ഐപിഎസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ശകാരിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. സോളാപൂര്‍ ജില്ലയില്‍ അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുക്കുന്നതിനിടെ ആണ് അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയെ വിളിച്ച് ദേഷ്യപ്പെടുന്നത്. തനിക്ക് ഫോണ്‍ വിളിക്കുന്ന ആളെ മനസിലായില്ലെന്നും ഔദ്യോഗിക ഫോണില്‍ വിളിക്കാനും ആവശ്യപ്പെടുന്ന മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയെ ദൃശ്യങ്ങളില്‍ കാണാം.

തന്നെ അറിയില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കുമെന്നും അജിത് പവാര്‍ ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നതും കേള്‍ക്കാം. വീഡിയോയയില്‍ അനധികൃത മണല്‍ മാഫിയയ്ക്ക് എതിരെയുള്ള നടപടി നിര്‍ത്താന്‍ അജിത് പവാര്‍ ആവശ്യപ്പെടുന്നതും കേള്‍ക്കാം. 'നിങ്ങള്‍ എന്നോട് നേരിട്ട് വിളിക്കാന്‍ ആവശ്യപ്പെടുകയാണോ? ഞാന്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. നിങ്ങള്‍ക്ക് എന്നെ കാണണം, നിങ്ങളുടെ നമ്പര്‍ തരൂ, ഞാന്‍ വാട്‌സ്ആപ്പില്‍ വിളിക്കാം, എന്നെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്', എന്ന് അജിത് പവാര്‍ അഞ്ജനയെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ജന നിയമവിരുദ്ധ മണല്‍ ഖനനത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് സംഘത്തോടൊപ്പം കുര്‍ദു ഗ്രാമത്തിലെത്തിയപ്പോഴാണ് അജിത് പവാര്‍ വിളിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണല്‍ കടത്ത് സംഘത്തിലുണ്ടായ എന്‍സിപി അംഗം അജിത് പവാറിനെ ബന്ധപ്പെടുകയും പിന്നീട് ഫോണ്‍ അഞ്ജനയ്ക്ക് കൈമാറുകയുമായിരുന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അജിത് പവാര്‍ അഞ്ജലി കൃഷ്ണയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

സോളാപൂരിലെ കര്‍മ്മല ഡെപ്യൂട്ടി സൂപ്രണ്ടാണ് അഞ്ജന കൃഷ്ണ. ദൃശ്യങ്ങള്‍ വിവാദമായതോടെ അജിത് പവാറിന് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്നും രാജിവയ്ക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. വീഡിയോ മനഃപൂര്‍വ്വം ചോര്‍ത്തിയതാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് സുനില്‍ തത്കറെ പറഞ്ഞു. സോലാപൂര്‍ റൂറല്‍ പൊലീസാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

Content Highlights: Ajith Pavar scolds Malayali IPS officer video went viral

dot image
To advertise here,contact us
dot image